ilegue

കോഴിക്കോട്: നാട്ടിൽ തിരിച്ചെത്തിയിട്ടും വിജയവഴിയിലെത്താതെ ഗോകുലം കേരള എഫ്.സി. തുടർച്ചയായ ഏഴ് എവേ മത്സരങ്ങൾക്ക് ശേഷം കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലെ സ്വന്തം‌ ആരാധകർക്ക് മുന്നിൽ പന്ത് തട്ടാനിറങ്ങിയ മലബാറിയൻസിനെ ഇന്ത്യൻ ആരോസ് 1-1ന് സമനിലയിൽ തളച്ചു.

22ാം മിനിട്ടിൽ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളിലൂടെ ഇന്ത്യൻ ആരോസാണ് മുന്നിലെത്തിയത്. 64ാം മിനിട്ടിൽ മാർക്കസ് ജോസഫിലൂടെ ഗോകുലം തിരിച്ചടിച്ചു. നിരവധി ഗോളവസരങ്ങളാണ് ഗോകുലം കളഞ്ഞുകുളിച്ചത്. 22ാം മിനിട്ടിൽ ആശിഷ് റായിയുടെ മനോഹരമായ ക്രോസിൽ നിന്നാണ് ഇന്ത്യൻ ആരോസിന്റെ ഗോൾ പിറന്നത്. ആശിഷ് ബോക്സിലേക്ക് ഉയർത്തി നൽകിയ ബാൾ റഹീം അലി ഹെഡ്ഡറിലൂടെ മലയാളി താരം കെ.പി. രാഹുലിന് കൈമാറി. അൽപം പോലും വൈകാതെ രാഹുൽ ഒന്നാന്തരം വോളിയിലൂടെ ഗോകുലത്തിന്റെ വലകുലുക്കി.

രണ്ടാപകുതിയിൽ കളത്തിലിറങ്ങിയ അർജുൻ ജയരാജിന്റെ മികച്ച നീക്കമാണ് ഗോകുലത്തിന് സമനില ഗോൾ സമ്മാനിച്ചത് 64ാം മിനിട്ടിൽ അർജ്ജുൻ തൊടുത്ത ഷോട്ട് തടുക്കുന്നതിൽ ആരോസ് പ്രതിരോധനിരതാരം ദീപക് ടാൻഗിരിക്ക് പറ്റിയ പിഴവ് മുതലെടുത്ത മാർക്കസ് ജോസഫ് ബോൾ പിടിച്ചെടുത്ത് ആരോസിന്റെ വലയിലേക്ക് തൊടുത്തു. ഗോൾ നേടിയ ശേഷം മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഗോകുലത്തിന് തിരിച്ചടിയായി. പരിശീലകൻ ബിനോ ജോർജിന് ഇതുവരെ വിന്നിംഗ് ഇലവനെ കണ്ടെത്താനാകാത്തതാണ് കേരളത്തിന്റെ ഏക ഐ ലീഗ് ക്ലബിന് വിനയാകുന്നത്.

സമനിലയൽ കുരുങ്ങിയതോടെ ഗോകുലം ലീഗിൽ പത്താംസ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളിൽ നിന്ന് 13 പോയന്റ് മാത്രമാണ് ഗോകുലത്തിന്റെ സമ്പാദ്യം. 18 മത്സരങ്ങളിൽ നിന്ന് 17 പോയന്റുള്ള ആരോസ് ഏഴാമതാണ്. ലീഗിൽ പിന്നിലായതോടെ സൂപ്പർകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ഗോകുലത്തിന്റെ സാദ്ധ്യതയ്ക്ക് മങ്ങലേറ്റു. ഐ. ലീഗിൽ ഇതുവരെ രണ്ട് ജയം മാത്രമാണ് ഗോകുലത്തിന് നേടാനായത്. ഏഴ് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ ഏഴെണ്ണം തോറ്റു. ലീഗിൽ ഏറ്റവും അധികം ഗോളുകൾ വഴങ്ങിയതിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം. 26 ഗോളുകളാണ് ഗോകുലം വഴങ്ങിയത്. 20 ഗോളുകൾ നേടി.