ബാലുശ്ശേരി: വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പൊതുസമൂഹം ഏറ്റെടുത്തതായും മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. ബാലുശ്ശേരി കിനാലൂരിൽ നിർമിച്ച ഡോ ബി.ആർ അംബേദ്ക്കർ സ്മാരക ഗവ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കലാലയങ്ങളിൽ പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഇതു സംബന്ധിച്ച് വൈസ് ചാൻസലർമാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഉണർവിന് ആദ്യ ഇ.എം.എസ് സർക്കാർ മുതൽ നടപ്പാക്കിയ സാർവത്രിക വിദ്യാഭ്യാസ നയങ്ങൾ മുതൽക്കൂട്ടായിട്ടുണ്ട്. സർക്കാറിന്റെ ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ കോളേജിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കോളേജിൽ കൂടുതൽ വികസന പ്രവൃത്തികൾ നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.2 കോടി രൂപയും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.5 കോടിയും വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ ഒന്നാംഘട്ടം പണി പൂർത്തീകരിച്ചത്. തുടർ പ്രവൃത്തികൾക്കായി കിഫ്ബിയിൽ നിന്നും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.