നിലമ്പൂർ: നടുവത്ത് മൂച്ചിക്കലിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. വടപുറം പാലപ്പറമ്പ് അഡ്വ: കല്ലിങ്ങൽ ജമാലുദ്ദീന്റെ ഭാര്യയും വണ്ടൂർ നിയോജകമണ്ഡലം മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റുമായ നഫീസക്കുട്ടി(40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. വണ്ടൂരിൽ നിന്നും പാലപ്പറമ്പിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ കൽപ്പറ്റയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം ബസിന്റെ അടിയിൽപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ യുവതിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അലീഷ, അൽമിന, അൽവിന.
വടപുറം പട്ടിക്കാട് പാതയിൽ അടുത്തിടെ കെ.എസ്.ആർ.ടി.സി ബസിടിച്ചുണ്ടായ രണ്ടാമത്തെ അപകട മരണമാണിത്. ദിവസങ്ങൾക്കു മുമ്പാണ് പുളിക്കലൊടിയിൽ വച്ചുണ്ടായ മറ്റൊരപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെട്ടത്.