നാദാപുരം:സ്റ്റീൽ ബോംബ് സ്‌ഫോടനത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ വളയം മേഖലയിൽ ആയുധങ്ങൾക്കും സ്‌ഫോടക വസ്തുക്കൾക്കുമായി വ്യാപക റെയ്ഡ്. വളയം പൊലീസും നാദാപുരം,പയ്യോളി ബോംബ് സ്‌ക്വാഡുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. കുയ്‌തേരി മേഖലയിലാണ് സംയുക്ത റെയ്ഡ് നടത്തുന്നത്. പയ്യോളിയിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും പരിശോധനക്കുണ്ട്. ഇന്നലെ രാവിലെയാണ് വളയം കുയ്‌തേരിയിൽ ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബിൽ ചവിട്ടിയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റത്. സ്‌ഫോടന സ്ഥലത്തിന് സമീപം രാത്രികാലങ്ങളിൽ ചിലർ കേന്ദ്രീകരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന ഉടൻ തെളിവുകൾ നശിപ്പിക്കാനായി ചിലർ ശ്രമിച്ചതായും,സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.