പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം റിസർവോയർ വൃഷ്ടിപ്രദേശ സംരക്ഷണ പദ്ധതി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണും വെള്ളവും വനങ്ങളും സംരക്ഷിക്കാതെ യാതൊരു വിധ വികസനവും സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു വികസനത്തിന്റെയും അടിത്തറ പ്രകൃതി സംരക്ഷണമാണ്. അതിന്റെ ഭാഗമായി കിണറുകളും പുഴകളും കുളങ്ങളും പാടങ്ങളും മണ്ണും സംരക്ഷിക്കേണ്ടതുണ്ട് . ഭൂഗർഭ ജലം വീണ്ടെടുക്കുന്നതിന് ഇത്തരം പ്രകൃതി സംരക്ഷണത്തിലൂടെ കഴിയും . ജില്ലയുടെ പ്രധാന വികസന പ്രവർത്തനമായ പെരുവണ്ണാമൂഴി റിസർവോയറിലേക്ക് വർഷം തോറും ഒഴുകിയെത്തുന്ന മണ്ണൊലിപ്പ് തടയാൻ തടയണകളുടെയും കയ്യാലകളുടെയും നിർമ്മാണവും വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കലും ശാസ്ത്രീയമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ 5 മുതൽ 12 വരെ വാർഡുകളും, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ 2 മുതൽ 7വരെയുള്ള വാർഡുകളും ഉൾപ്പെടുന്ന 10989 ഹെക്ടർ സ്ഥലത്ത് വനം ഭൂമി ഒഴികെയുള്ള 3094 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മഴക്കാലത്ത് റിസർവോയറിലേക്കുള്ള മണ്ണൊഴുക്ക് തടയുകയാണ് ലക്ഷ്യം. ചടങ്ങിൽ പുരുഷൻ കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ ഐഎഫ്എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ. ബാലൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ദേവി വാഴയിൽ, പ്രേമൻ നടുക്കണ്ടി, ഷീന പുരുഷു, സിഡിഎസ് ചെയർപേഴ്‌സൺ ഷീന നാരായണൻ, പി.പി. രഘുനാഥ്, ഇ.എസ്. ജയിംസ്, ജോസഫ് പള്ളുരുത്തി, പ്രകാശ് മുള്ളൻകുഴി, ആവള ഹമീദ്, വി.വി. കുഞ്ഞിക്കണ്ണൻ, ബേബി കാപ്പുകാട്ടിൽ, ജോസഫ് അമ്പാട്ട്, പത്മനാഭൻ പി കടിയങ്ങാട്, ബിജു ചെറുവത്തൂർ, രാജൻ വർക്കി, മാത്യു കുബ്ലാനി, ബെന്നി ബെൽവ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അംഗം ആൻഡ്രൂസ് കട്ടിക്കാനം തുടങ്ങിയവർ സംസാരിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും ജില്ല മണ്ണ് സംരക്ഷണ ഓഫീസർ ടി.പി. ആയിഷ നന്ദിയും പറഞ്ഞു. പ്രളയാനന്തര കേരളവും ജലസംരക്ഷണവും എന്ന വിഷയത്തിൽ വയനാട് കബനി മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ പി.യു. ദാസ് ക്ലാസെടുത്തു.സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായാണ് ചക്കിട്ടപാറയിൽ പദ്ധതി നടപ്പിലാക്കുക്കുന്നത് .