fire

കൽപ്പറ്റ:വയനാട്ടിൽ മുമ്പൊന്നും കാണാത്തവിധം എല്ലാ നിയന്ത്രണങ്ങളുംവിട്ട് കാട് കത്തുകയാണ്. മൃഗങ്ങൾ ഉൾപ്പെടെയുള്ള വന്യജീവികൾ ചത്ത് കിടക്കുന്നു. ഏറെയും ഇഴജന്തുക്കൾ. ജില്ലയിലെ നാല് ഡിവിഷനുകളിലും കണ്ണെത്താത്ത വനത്തെ തീ വിഴുങ്ങുമ്പോൾ ഫയർഫോഴ്സിനോ വനപാലകർക്കോ ചെന്നെത്താനാവുന്നില്ല.ഫയർ എൻജിനുകൾക്ക് പോകാവുന്ന ഒരു വഴിയും വയനാടൻ വനത്തിലില്ല.

അയൽ നാടുകളായ തമിഴ്നാട്ടിലെ മുതുമലയും കർണാടകയിലെ ബന്ദിപ്പൂർ വന മേഖലയും കത്തുകയാണ്. അവിടെ നിന്ന് വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തുന്നത് പച്ചപ്പുള്ള വയനാടൻ വനത്തിലേക്കാണ്. ഇവിടെയും തീ പടർന്നതോടെ മിണ്ടാപ്രാണികൾ നാട്ടിലേക്കിറങ്ങുന്നു.

മുതുമലയിൽ തീ പടർന്നതോടെ മൈസൂർ - ഉൗട്ടി ദേശീയ പാത 67 ൽ നാല് മണിക്കൂർ ഗതാഗതം മുടങ്ങി. കർണാടകയിലെ രാജീവ്ഗാന്ധി നാഷണൽ പാർക്കിലും കാട്ടു തീ ഉണ്ടായി. ടൂറിസ്റ്റ് കേന്ദ്രമായ ഗുണ്ടൽപ്പേട്ടയ്‌ക്കടുത്ത ഗോപാലസ്വാമിബേട്ടയിൽ പുൽമേടുകൾ കത്തുകയാണ്.

തെക്കെ വയനാട്ടിലെ ബാണാസുരമലയിൽ തീ തുടരുകയാണ്. ഇവിടേക്ക് ചെന്നെത്താനാവുന്നില്ല.ഡി. എഫ്. ഒ. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ രാപകൽ ക്യാമ്പ് ചെയ്താണ് രക്ഷാ പ്രവർത്തനം. വനപാലകർ നിസഹായരാണ്. ഫണ്ടില്ലാത്തതിനാൽ പ്രതിരോധം പാളുന്നു.

കാട്ടുതീ മനുഷ്യസൃഷ്‌ടി

വയനാടൻ വനത്തിൽ പ്രത്യേകിച്ച് കുറിച്യാട് റേഞ്ചിലെ വൻ കാട്ടുതീ മനുഷ്യ സൃഷ്‌ടിയാണെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. കാടിന് തീവയ്‌ക്കുമെന്ന് വനാതിർത്തിയിൽ താമസിക്കുന്നവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശല്യക്കാരനായ വടക്കാട് കൊമ്പൻ എന്ന കാട്ടാന വരുത്തുന്ന നാശങ്ങളിൽ പൊറുതി മുട്ടുന്നവരാണ് ഇവർ. റേഡിയോ കോളർ ഘടിപ്പിച്ച വടക്കനാട് കൊമ്പന് വേണ്ടി വനപാലകർ തിരച്ചിൽ തുടരുകയാണ്. കുങ്കിയാനകളെ ലഭിക്കുന്ന മുറയ്‌ക്ക് ഒാപ്പറേഷൻ നടത്തുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എ.ടി.സാജൻ പറഞ്ഞു. തീ പടരാതിരിക്കാൻ വനം വകുപ്പ് തീർക്കുന്ന ഫയർലൈനും കടന്നാണ് പലയിടത്തും തീ പിടിച്ചത്. അത് കൊണ്ടാണ് തീ വെച്ചതാണെന്ന് പറയുന്നത്. വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റി ഇടപെടും

കാട്ടുതീ തടയാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഇടപെടും. നാല് വർഷം മുമ്പ് തിരുനെല്ലി വനത്തിൽ ഉണ്ടായ തീ പിടുത്തം കാരണം ഇപ്പോഴും അടിക്കാടുകൾ വളർന്നിട്ടില്ല. ഭൂമി ചുട്ട് പഴുത്ത അവിടെ ഒന്നും വളരുന്നില്ല. അതിരൂക്ഷമായ വരൾച്ചയാണ്. ആദിവാസികൾക്ക് കുടിവെളം പോലും മുടങ്ങി. വയനാട്ടിലും കാട്ടുതീ ഇതേ അവസ്ഥ വരുത്തുമെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ എ ഷജ്‌ന പറഞ്ഞു. മനുഷ്യസൃഷ്ടിയായ കാട്ടുതീ തടയാൻ ജനങ്ങൾ സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

1973ൽ നിലവിൽ വന്ന വയനാട് വന്യമൃഗ സങ്കേതത്തിന്റെ വിസ്തൃതി 344.44 ചതുരശ്ര കിലോ മീറ്ററാണ്.