കുറ്റ്യാടി:വേളം പഞ്ചായത്തിലെ ചെറിയാണ്ടിക്കുന്നുമ്മൽ താഴെ പാടശേഖര സമിതിയിലെ ഏഴുപത് ഏക്കറോളം കൃഷിഭൂമിയിൽ കതിരിട്ട നെൽകൃഷി വെള്ളം ലഭിക്കാത്തത് കാരണം ഉണങ്ങി നശിക്കുന്നു. വെള്ളം കിട്ടാതെ നെൽകൃഷി വ്യാപകമായി ഉണങ്ങുന്നതായാണ് കർഷകരുടെ പരാതി. കുറ്റല്ലൂർ തോട്ടിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും ഉപ്പ് വെള്ളം ആയതിനാൽ കൃഷിയ്ക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത് . പള്ളിയത്ത് ഭാഗത്തെ കനാൽ തുറന്നു വിട്ടാൽ ചെറിയാണ്ടി കുന്നുമ്മൽ പാടത്തിൽ കൃഷി ചെയ്തവർക്ക് ആശ്വാസമാകുമെന്നാണ് കർഷകർ പറയുന്നത്. ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേളത്തെ പ്രധാന പാടശേഖരങ്ങളിൽ ഉൾപ്പെട്ട അടിവയൽ പാടശേഖരത്തും പാവുള്ളാട്ട് താഴെ പാടശേഖരത്തും പ്രളയാനന്തരം കർഷകർ അതിജീവനത്തിന്റെ പാതയിലാണ് . വേളത്തെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയാണ് കനാൽവെള്ളം ലഭിക്കുന്നതിനും ലഭിക്കാതിരിക്കുന്നതിനുമുള്ള കാരണം. ചെറിയാണ്ടി കുന്നുമ്മൽ താഴെ പാടശേഖരത്തിൽ വെള്ളം കിട്ടാതെ നെൽകൃഷി നശിച്ചുപോകുന്ന സാഹചര്യം ഒഴിവാക്കി വെള്ളം എത്തിക്കുന്നതിനുള്ള അടിയന്തിര നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആവശ്യപ്പെട്ടു