watter
കുടിവെളളത്തിന് വേണ്ടി...കുടിവെളള വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കല്ല്യോട്ടുകുന്നിലെ ജനങ്ങൾ വാട്ടർ അതോറിട്ടി ഒാഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു

വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം

1.28 കോടി ചെലവഴിച്ച് നിർമ്മിച്ച കുടിവെള്ള വിതരണ പദ്ധതി കമ്മീഷൻ ചെയ്തിട്ടില്ല

മാനന്തവാടി: മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ചയായി. വാട്ടർ അതോറിട്ടിക്കാകട്ടെ മിണ്ടാട്ടമില്ല. ക്ഷുഭിതരായ വീട്ടമ്മമാരും നാട്ടുകാരും വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.

മാനന്തവാടി നഗരസഭയിലെ മൂന്നാം ഡിവിഷനിൽ പെട്ട കല്യോട്ട് കുന്നിലാണ് 300 ഓളം കുടുംബങ്ങൾ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. അമ്പുകുത്തിയിലും സ്ഥിതി ഇത് തന്നെ. കല്ല്യോട്ട്കുന്നിൽ രണ്ട് പൊതുകിണറുകളും 6 പൊതു ടാപ്പുകളുമാണ് ഉള്ളത്. വേനൽ കനത്തതോടെ കിണറുകൾ വറ്റി വരണ്ടു. പൊതു ടാപ്പുകളിൽ ദിവസത്തിൽ മൂന്ന് മണിക്കുർ മാത്രമാണ് വെള്ള വിതരണം ഉണ്ടായിരുന്നത്. എന്നാൽ ഇതുകൂടി നിലച്ചതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലായി.

ഇതൊടെയാണ് സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി എത്തിയത്. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല. ഈ ഓഫീസിൽ മിക്ക ദിവസങ്ങളിലും ഉദ്യോഗസ്ഥർ ഉണ്ടാകാറില്ലെന്ന് മുമ്പും വ്യാപക പരാതികൾ ഉയർന്നിരുന്നു.

തങ്ങൾക്കുള്ള പമ്പിംഗ് ലൈനിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് ഹൗസ് കണക്ഷൻ നൽകിയതാണ് വെള്ളം ലഭിക്കാതിരിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നഗരസഭ ടാപ്പുകൾക്ക് കൃത്യമായ തുക വാട്ടർ അതോറിറ്റിയിൽ അടയ്ക്കുന്നുണ്ട്. പ്രദേശത്ത് ഒരു കോടി 28 ലക്ഷം രൂപ ചിലവഴിച്ച് കുടിവെള്ള വിതരണത്തിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പദ്ധതി കമ്മീഷൻ ചെയ്തിട്ടില്ല.

പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. സമരത്തിന് നഗരസഭ കൗൺസിലർ സീമന്തിനി സുരേഷ്, ബാബു പുളിക്കൻ, എം കെ ഹമീദ്, പി സി ഇബ്രാഹിം, ബിയ്യാത്തു, സജ്‌ന എന്നിവർ നേതൃത്വം നൽകി.