മേപ്പാടി: സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന മുട്ടിൽ സെക്ഷനിൽ അമ്പലവയൽ - ചീങ്ങേരി റോഡിൽ അടിവാരം എന്ന സ്ഥലത്ത് വെച്ച് അനധികൃതമായി കടത്തിക്കൊണ്ടുപോവാൻ ശ്രമിച്ച റവന്യൂ വീട്ടിമരങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. അമ്പലവയൽ വില്ലേജിൽ പുത്തൻപുരയിൽ സാബുവിന്റെ കൈവശത്തിലുള്ളതും, സർക്കാറിൽ നിക്ഷിപ്തമായതുമായ വൻ വില വരുന്ന വീട്ടിമരമാണ് മുറിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത്. മരം നീക്കം ചെയ്യാൻ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. ലോറിയുടെ ഡ്രൈവറും പ്രതിയുമായ താമരശ്ശേരി, കൂടത്തായ്,കല്ലിങ്ങൽ വീട്ടിൽ സജീറിനെ അറസ്റ്റ് ചെയ്തു.
അമ്പലവയൽ ഭാഗത്ത് ഇത്തരത്തിൽ നിരവധി മരങ്ങൾ അനധികൃതമായി മുറിച്ച് നീക്കം ചെയ്തതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
25 ന് ഇതേസ്ഥലത്ത് വെച്ച് ഒരു വലിയ വെണ്ടേക്ക് മരം മുറിച്ച് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികളുടെ പരാതിയിൽ അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മേപ്പാടി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ് അറിയിച്ചു.
മേപ്പാടി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.മോഹൻദാസൻ, പി.ഗിരീഷ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായ പി.ബി. ശ്രീധരൻ, എ.വിഗോവിന്ദൻ എന്നിവർ ചേർന്നാണ് മരം പിടികൂടിയത്.