gokulam-fc
gokulam fc

കോഴിക്കോട്: മത്സരത്തിലുടനീളം ആധിപത്യം നേടിയിട്ടും വിജയതീരത്താൻ സാധിക്കാതെ ഗോകുലം കേരള എഫ്.സി. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഐസ്വാൾ എഫ്.സി പരാജയപ്പെടുത്തി. ഒമ്പതാം മിനിട്ടിൽ ലീഡ് നേടിയ ശേഷമാണ് മൂന്ന് ഗോളുകൾ വഴങ്ങിയ ഗോകുലം വൻ തോൽവി ഏറ്റുവാങ്ങിയത്.

മികച്ച ഫ്രീ കിക്കിലൂടെ മാർക്കസ് ജോസഫ് ആണ് ഗോകുലത്തിനെ ഒമ്പതാം മിനിട്ടിൽ മുന്നിലെത്തിച്ചത്. 83ാം മിനിട്ടിൽ പോളിലൂടെ ഐസ്വാൾ സമനില പിടിച്ചു. ഇതോടെ ഗോകുലത്തിന്റെ പ്രതിരോധം ആടി ഉലഞ്ഞു. 88ാം മിനിട്ടിൽ ലാൽകവ്പുയ്മാവിയ ഐസ്വാളിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിട്ടിൽ അൻസുമാന ക്രോമ പട്ടിക പൂർത്തിയാക്കി.

18 മത്സരങ്ങളില്‍ നിന്നായി 14 പോയിന്റ് മാത്രമുള്ള ഗോകുലം പത്താം സ്ഥാനത്താണ്. പതിനെട്ട് കളികളിൽ നിന്ന് പതിനെട്ട് പോയിന്റുള്ള ഐസോൾ എട്ടാമതാണ്. ഞായറാഴ്ച നെറോക്കയ്ക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.