photo

കുമരകം : പ്രളയത്തിൽ തകർന്ന കുമരകം കണ്ണാടിച്ചാൽ നാരകത്ര റോഡ് കടക്കാൻ സർക്കസ് പഠിക്കണം. ടാറിംഗ് ഇളകി വിവിധയിടങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുമരകം പഞ്ചായത്തിലെ 5,6 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിനെ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. 1200 ഏക്കറോളം വരുന്ന എം.എൻ ബ്ലോക്ക് പാടശേഖരം, കൊല്ലകേരി പാടശേഖരം, പാറേക്കാട് പാടശേഖരം, ഇടവട്ടം പാടശേഖരം തുടങ്ങിയ കുമരകം പഞ്ചായത്തിലെ ഏറ്റവും കൂടുതൽ പാടശേഖരങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രധാന റോഡാണിത്. കുമരകം പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, കൃഷി ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനും കണ്ണാടിച്ചാൽ നാരകത്ര റോഡാണ് ഏകആശ്രയം. കുമരകം എസ്.കെ.എം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ പോകുന്നതും ഇതുവഴിയാണ്. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് നവീകരിച്ചില്ലെങ്കിൽ അടുത്ത മഴക്കാലത്ത് വെള്ളവും ചെളിയും അടിഞ്ഞ് ഇതുവഴിയുള്ള തീർത്തും ദുസഹമാകും.

കണ്ണാടിച്ചാൽ കാക്കരയം റോഡ്

നാനൂറോളം കുടുംബങ്ങൾ താമസിക്കുന്ന കണ്ണാടിച്ചാൽ കാക്കരയം റോഡും സഞ്ചാരയോഗ്യമല്ലാതായി. മൂന്ന് വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച റോഡ് പ്രളയത്തിലാണ് തകർന്നത്. കുമരകം പഞ്ചായത്തിലെ 5,7 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. വെള്ളം കയറാതെ ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നതിന് 1 കോടി ആവശ്യപ്പെട്ട് സർക്കാരിലേക്ക് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു.

റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 12 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഒരാഴ്‌ചയ്ക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ''

എ.പി സലിമോൻ (കുമരകം പഞ്ചായത്ത് പ്രസിഡന്റ്)