'ക്വർസെറ്റിൻ' ഉൽപ്പാദിപ്പിക്കുന്ന ഫംഗസിനെ കണ്ടെത്തിയത്
എം.ജി.യൂണി. ഗവേഷകർ
കോട്ടയം: ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവയായ അശ്വഗന്ധ ചെടിയിൽ (അമുക്കുരം) നിന്ന് ജീവിതശൈലീ രോഗങ്ങളെയും കാൻസറിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള 'ക്വർസെറ്റിൻ' എന്ന ജൈവ തന്മാത്ര ഉൽപ്പാദിപ്പിക്കുന്ന പുതിയ ഫംഗസിനെ മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സസ്യങ്ങളിൽ മാത്രം കാണുന്നതും ബാക്ടീരിയയെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ജൈവതന്മാത്രയാണ് ക്വർസെറ്റിൻ. ഇത് ഉൽപ്പാദിപ്പിക്കുന്ന ഫംഗസിന് പെനിസിലിയം സീറ്റോസം എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്.
മഹാത്മാഗാന്ധി സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനി ടിജിത്ത് കെ. ജോർജ്, അദ്ധ്യാപകരായ പ്രൊഫ. എം.എസ്. ജിഷ, അസോസിയേറ്റ് പ്രൊഫ. ലിനു മാത്യു എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ.
വ്യാവസായികാടിസ്ഥാനത്തിൽ ആന്റിബയോട്ടിക്കുകളും ഓർഗാനിക് ആസിഡുകളും എൻസൈമുകളും ഉത്പ്പാദിപ്പിക്കാൻ കഴിവുള്ളവയാണ് പെനിസിലിയം ജനുസിൽപ്പെട്ട ഈ ഫംഗസ്. നെതർലൻഡ്‌സിലെ വെസ്റ്റർഡിക് ഫംഗൽ ബയോഡൈവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ജോസ് ഹുബ്രാക്കനുമായി ചേർന്നാണ് ഫംഗസിന്റെ താരതമ്യപഠനം നടത്തിയത്.
മെക്‌സിക്കോ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മണ്ണിൽ സമാന ഫംഗസിന്റെ സാന്നിദ്ധ്യമുണ്ട്. നെതർലൻഡ്‌സിലുൾപ്പെടെ നാല് രാജ്യാന്തര ഫംഗൽ കളക്‌ഷൻ സെന്ററുകളിൽ ഇവയുടെ സാമ്പിൾ സൂക്ഷിച്ചിട്ടുണ്ട്.
കണ്ടെത്തലിന്റെ വിശദാംശങ്ങൾ മൈക്കോളജിക്കൽ സൊസൈറ്റി ഒഫ് ചൈനയുടെ രാജ്യാന്തര ജേർണലായ 'മൈക്കോളജി' യിൽ പ്രസിദ്ധീകരിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്.