ചങ്ങനാശേരി : പായിപ്പാട് പുത്തൻകാവ് ഭഗവതീക്ഷേത്രകുളത്തിന്റെ റോഡിനോടു ചേർന്നുള്ള തിട്ടകൾ ഇടിഞ്ഞുവീണു.
ഇടിഞ്ഞുപോയ ഭാഗത്ത് താത്കാലികമായി കമ്പികൾ കൊണ്ട് വേലി തീർത്തിരിക്കുകയാണ്. പായിപ്പാട് പഞ്ചായത്തിലെ കവിയൂർചങ്ങനാശ്ശേരി റോഡിൽ പുത്തൻകാവ് ഭഗവതിപ്പടി ക്ഷേത്രത്തിനു സമീപമാണ് കുളം സ്ഥിതി ചെയ്യുന്നത്. എന്നാൽ റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കേണ്ട പൊതുമരാമത്ത് വിഭാഗം ഇതു കണ്ടില്ലെന്നു നടിക്കുകയാണ്. കുളത്തിനു ചുറ്റുമുള്ള കെട്ടിന് വർഷങ്ങളുടെ പഴക്കമുണ്ട്. കരിങ്കല്ല് അടുക്കിയതിലുണ്ടായ അപാകതയാണ് തകരാൻ കാരണം. കെട്ടിന്റെ അടിഭാഗം തകർന്ന് കെട്ടിൽ വെള്ളം നിറഞ്ഞതോടെ ഇടിഞ്ഞ് വീഴുകയായിരുന്നു.സമീപത്തെ റോഡ് കടന്നുപോകുന്നത് കുളത്തിന്റെ തിട്ടയിലൂടെയാണ്. ഈ ഭാഗത്ത് നൂറുമീറ്റോളം കെട്ട് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. അപായസൂചനാ ബോർഡുകൾ സ്ഥാപിച്ചതിനാൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാനാകും. എന്നാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ബാക്കി ഭാഗത്തെ തിട്ടകൾ ഇടിയുന്നതിനുമുമ്പേ വശങ്ങൾ കെട്ടുകയും അപകട സാഹചര്യം ഒഴിവാക്കുകയും വേണം. റോഡിനു വശത്തുകൂടെ വാഹനങ്ങൾ തിങ്ങിയാണ് കടന്നുപോകുന്നത്. കാൽനടയും ദുസഹമാണ്. പ്രദേശവാസികളും ക്ഷേത്രഭാരവാഹികളും നിരവധി തവണ പൊതുമരാമത്തിനു പരാതി നല്കിയെങ്കിലും ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ക്ഷേത്രത്തിൽ മകരഭരണി പൊങ്കാലയും ഭാഗവതസപ്താഹയജ്ഞവും നടക്കുന്നതിനാൽ നിരവധി യാത്രക്കാരും ഭക്തജനങ്ങളും എത്തുന്നുണ്ട്. അതിനാൽ അപകടസാധ്യതയും ഏറെയാണ്.