കോട്ടയം: ചുങ്കം ഭാഗത്തെ പുതിയ റെയിൽവേ ട്രാക്കിന്റെ നിർമാണം പുരോഗമിക്കുന്നു.

ഇനി അവസാന മിനുക്കുപണികൾ മാത്രമാണ് ശേഷിക്കുന്നത്. 6.50 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന പാലം

ഒന്നര വർഷം കൊണ്ടാണ് അവസാനഘട്ടത്തിലെത്തിയത്. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മീനച്ചിലാറിന് കുറുകെ കോൺക്രീറ്റ് വാർത്ത് അതിനു പുറമെയാണ് റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നത്.
നിലവിലുള്ള പാലത്തിൽ നിന്ന് അഞ്ച് മീറ്റർ മാറിയാണ് പുതിയ മേൽപാലം. നാലുമീറ്റർ വീതിയുള്ള പാലത്തിന്റെ മദ്ധ്യത്തിൽ റെയിൽവേ പാതയും ഇരുവശത്തും കേബിളുകൾ കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനുസമീപം, ചുങ്കം എസ്.എച്ച് മൗണ്ട് റോഡിലെ തേക്കുംപാലത്തെ റെയിൽവേ രണ്ടാം അടിപ്പാതയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. പുതിയതായി നിർമിക്കുന്ന അടിപ്പാത ഉയരം കൂട്ടിയാണ് നിർമിക്കുന്നതെങ്കിലും നിലവിലുളള മേൽപാലത്തിന്റെ ഉയരം കൂട്ടാൻ നടപടിയായിട്ടില്ല. ഇതുമൂലം ഈ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല.

എം.സി റോഡിൽ എസ്.എച്ച്. മൗണ്ട് ഭാഗത്തുനിന്ന് നഗരത്തിൽ പ്രവേശിക്കാതെ ചുങ്കം മെഡിക്കൽ കോളേജ് റോഡിലേക്ക് പോകുന്നതിനുളള ബൈപാസ് റോഡിലാണ് തേക്കുംപാലം അടിപ്പാത. രണ്ടാം അടിപ്പാതയുടെ നിർമാണം നാലുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
ഇതിനൊപ്പം പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് മൂലേടം ഓവർബ്രിഡ്ജ് മുതൽ മുട്ടമ്പലം വരെയുള്ള നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് ഉയർന്ന് നിൽക്കുന്ന കുന്നിടിച്ച് താഴ്ന്നഭാഗത്ത് നിക്ഷേപിക്കുന്ന ജോലികളാണ് നടക്കുന്നത്. റെയിൽവേ സ്റ്റേഷൻ മുതൽ മുട്ടമ്പലം റെയിൽവേ ക്രോസ് വരെയുള്ള ഭാഗത്തു ഇരുവശങ്ങളിലും വലിയ പാറക്കെട്ടുകളാണുള്ളത്. ഇത് പൊട്ടിക്കുന്ന ജോലികളും നടക്കുകയാണ്.

ഈ പാറകൊണ്ട് റെയിൽവേ ക്രോസിന് സമീപം ഇപ്പോൾ മണ്ണിട്ടുയർത്തുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടും. സമീപത്തെ കുന്നിടിച്ചാണ് ഇവിടത്തെ കുഴി നികത്തുന്നത്. കഴിഞ്ഞദിവസം ചങ്ങനാശേരി ചിങ്ങവനം പാതയിലെ രണ്ടാംപാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു.

ഇനി കോട്ടയം മുതൽ ചിങ്ങവനം വരെയുളള 7 കിലോമീറ്റർ ദൂരമാണ് പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാനുള്ളത്. കുറുപ്പുന്തറ ഏറ്റുമാനൂർ ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ ജോലികളും അവസാനഘട്ടത്തിലാണ്.

നിലവിലുള്ള അടിപ്പാതയ്ക്ക് 4.57 മീറ്റർ ഉയരം മാത്രമാണുള്ളത്. ബസ്, ലോറി തുടങ്ങിയ ഉയരം കൂടിയ വാഹനങ്ങൾക്ക് ഇതിനടിയിലൂടെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഇതിനു സമീപം രണ്ടാം പാതയ്ക്ക് അടിയിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം 6.1 മീറ്റർ ഉയരമുണ്ട്. ഇതോടെ പുതിയ അടിപ്പാത ഉയരം കൂട്ടി നിർമിക്കുന്നതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.