കാഞ്ഞിരപ്പള്ളി: മലിനവാഹിയായൊഴുകുന്ന ചിറ്റാർ പുഴയെ കൈപിടിച്ചുയർത്താൻ നാട്ടുകാർ ഒരുമിക്കുന്നു.

മാലിന്യ നിക്ഷേപവും, കൈയേറ്റവും കാരണം ഇല്ലാതാകുന്ന ചിറ്റാർ പുഴയുടെ സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൈകോർക്കുകയാണ് നാട്ടുകാർ.

അതിനായി സംസ്ഥാന സർക്കാർ ഹരിത കേരളാ മിഷൻ, പൊലീസ്, ആരോഗ്യം, ജലസേചനം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ജില്ലാ ബ്ലോക്ക്പഞ്ചായത്തുകൾ,സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി, ഓട്ടോടാക്‌സി ,ചുമട്ട് തൊഴിലാളി സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും ഉറപ്പാക്കിയാണ് ചിറ്റാർപുഴ പുനർജനി പദ്ധതിക്ക് രൂപം നൽകിയത്.

ചിറ്റാറിലേയ്ക്കെത്തുന്ന കൈത്തോടുകൾ ശുചീകരിച്ചാണ് പദ്ധതി ആരംഭിക്കുക. തുടർന്ന് ഉദ്ഭവ സ്ഥാനം മുതലുള്ള ചിറ്റാർപുഴ ശുചീകരിച്ച് സ്ഥിരമായി മാലിന്യ രഹിതമാക്കാനുള്ള നടപടികൾ സ്വീകരിക്കും. മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. ജൈവ മാലിന്യ സംസ്കരണത്തിനായി നഗരത്തിന്റെ വിവിധ മേഖലകളിൽ തുമ്പൂർമുഴി മോഡൽ പ്ലാന്റുകൾ നിർമിക്കും.പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായുള്ള ഹരിത കർമസേന പ്രവർത്തനം കൂടുതൽ ഊർജിതമാക്കും.വീടുകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർബന്ധമായും ഹരിത കർമസേനയ്ക്ക് കൈമാറണം.പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. എന്റെ മണിമലയാർ പദ്ധതി കൺവീനർ എസ്.വി.സുബിൻ പദ്ധതി അവതരിപ്പിച്ചു.

പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെ നടപടി

കുടുംബശ്രീയുടെ തുണി സഞ്ചി നിർമാണം ആരംഭിക്കും

പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയന്ത്രിക്കും

 501 അംഗങ്ങളടങ്ങിയ ജനകീയ സമിതിക്ക് യോഗം രൂപം നൽകി.പ്രാരംഭ പദ്ധതിയായി 8, 10 വാർഡ് പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ടൗൺപ്രദേശത്തെ പൊട്ടത്തോട് ശുചീകരണ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും, അതിന്റെ നടത്തിപ്പിനായി നാളെ 4 ന് നൂറുൽ ഹുദാ യു.പി. സ്‌കൂളിൽ പ്രാദേശിക ജനകീയ സമിതി രൂപീകരണ യോഗം ചേരാനും തീരുമാനിച്ചു. പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന സ്രോതസുകൾ കണ്ട് പിടിക്കാനായി ജനകീയ സമിതിയുടെയും, മാദ്ധ്യമപ്രവർത്തകരുടെയും നേതൃത്വത്തിൽ 9 ന് പുഴ നടത്തം സംഘടിപ്പിക്കാനും തീരുമാനിച്ചു.