ചങ്ങനാശ്ശേരി :മദ്യലഹരിയിൽ ഒരു സംഘം യുവാക്കൾ വാഹനങ്ങൾ അടിച്ചുതകർത്തു. പുഴവാത് പുളിഞ്ചുവടുള്ള സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തലേന്ന് ഒത്തുകൂടിയവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിക്കു ശേഷമാണ് സംഭവം.വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഇവർ പച്ചക്കറി ചന്തയിലെ ഷാപ്പ് തല്ലിപ്പൊളിച്ചു അകത്തുകയറി ജീവനക്കാരനായ ബംഗാളിയെ മർദ്ദിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന കള്ള് കുടിച്ച ശേഷം പുറത്തിറങ്ങിയായിരുന്നു അക്രമം.

സമീപത്തെ വീടുകളിലും റോഡിലും പാർക്ക്‌ ചെയ്തിരുന്ന 10 ലധികം കാറുകളാണ് അടിച്ചു തകർത്തത്. തകർത്തവയിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അംബിക വിജയന്റെ കാറും ഉണ്ട്.

10 വാഹന ഉടമകളുടെ പരാതി ലഭിച്ചതായി ചങ്ങനാശ്ശേരി പൊലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതികളും സംഘത്തിൽ ഉണ്ടായിരുന്നതായാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.