കോട്ടയം: കുറവിലങ്ങാട്ട് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിൽ അഞ്ചു പേർ പിടിയിലായി. കാണക്കാരി കണിയാൻപറമ്പിൽ സുജീഷ് (21), കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ ബിബിൻ (22), വാഴവേലിക്കകത്തു ദീപക് (23), അതിരമ്പുഴ കക്കാടിയിൽ ലിബിൻ (22), ഇവരെ വാടകയ്ക്ക് താമസിപ്പിച്ച സുധീഷ് (19) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
നവംബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. എക്‌സൈസ് സംഘത്തെ തടഞ്ഞ് കുറവിലങ്ങാട് പട്ടിത്താനത്ത് നിന്നും കഞ്ചാവ് കേസിൽ അറസ്റ്റിലായ ബിബിനെ മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. എക്‌സൈസ് സംഘത്തെ പ്രതികൾ ആക്രമിക്കുകയും ചെയ്‌തു. തുടർന്ന് മൂന്നുമാസമായി ഇവർ മുളന്തുരുത്തി വെട്ടിക്കൽ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. സുധീഷാണ് പ്രതികൾക്ക് ഒളിച്ചു താമസിക്കാൻ വീട് നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും, വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ്, കുറവിലങ്ങാട് എസ്.എച്ച്.ഒ ദീപു എന്നിവരും അറസ്റ്റിന് നേതൃത്വം നൽകി.
പ്രതികളെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.