പാലാ :പഴകി ദ്രവിച്ച് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്നും പാലാ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റം. സൗകര്യങ്ങളേറെയുള്ള ഇരുനില കെട്ടടത്തിലേയ്ക്കാണ് മാറുന്നത്. ഓഫീസിനും രേഖകൾ സൂക്ഷിക്കുന്നതിനുമായി പ്രത്യേക നിലകളും കാബിനുകളും പുതിയ കെട്ടിടത്തിലുണ്ട്. കൂടാതെ പഴയ ഫയലുകളും രേഖകകളും സൂക്ഷിക്കുന്നതിനായി റൂഫിൽ പ്രത്യേക ഹാളും സജ്ജീകരിച്ചിട്ടുണ്ട്.

വളരെയേറെ പഴക്കമുള്ളതാണ് നിലവിലുള്ള സബ് രജിസ്ട്രാർ കെട്ടിടം. കെട്ടിടത്തിന്റെ മേൽക്കൂര എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയിലായിരുന്നു. മഴക്കാലത്ത് കെട്ടിടത്തിന് മേലെ പടുത വിരിച്ച് ചോർച്ച തടയുകയാണ് ചെയ്യുന്നത്. പാലായിലെ മറ്റു സർക്കാർ സംവിധാനങ്ങളെല്ലാം പുതിയ കെട്ടിടത്തിലേയ്ക്ക് മാറിയെങ്കിലും സബ് രജിസ്ട്രാർ ഓഫീസ് മാത്രം മാറിയില്ല.

പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കാലപ്പഴക്കം ചെന്ന പഴയകെട്ടിടം പൊളിച്ചുനീക്കും.

നിലവിലുള്ള കെട്ടിടത്തിനും ജില്ലാ ട്രഷറിക്കും ഇടയിൽ 10 സെന്റിലാണ് പുതിയ മന്ദിരം. റവന്യൂ വകുപ്പ് ഭൂമി രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറാത്തതിനാൽ ഏറെക്കാലം നടപടികൾ നിലച്ചിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ റവന്യൂ വകുപ്പ് രജിസ്‌ട്രേഷൻ വകുപ്പിന് ഭൂമി കൈമാറുകയായിരുന്നു. എന്നാൽ നിർദിഷ്ട സ്ഥലത്ത് റവന്യൂ വകുപ്പ് കൈവശം സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കുകയും മരങ്ങൾ വെട്ടിമാറ്റി ഭൂമി നിർമ്മാണത്തിന് സജ്ജമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വീണ്ടും കത്തുനല്കി. പിന്നീട് വാഹനങ്ങൾ നീക്കിയെങ്കിലും മരങ്ങൾ വെട്ടിമാറ്റിയില്ല എന്ന കാരണം പറഞ്ഞ് റീടെൻഡർ നടപടികൾ പിന്നെയും വൈകി. ഏറെ കടമ്പകൾക്ക് ശേഷം 2017 ഓഗസ്റ്റ് 7നാണ് മന്ത്രി ജി. സുധാകരൻ നിർമ്മാണം ഉദ്ഘാടനം ചെയ്തത്.

ഇന്ന് രാവിലെ 9.30ന് മന്ത്രി ജി. സുധാകരൻ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ.എം. മാണി എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

പടം- പുതിയ സബ് രജിസ്ട്രർ ഓഫീസ് മന്ദിരം.......