പത്തനംതിട്ട: ശബരിമല വിഷയത്തിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ച ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവേശപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കരുത്തരായ സ്ഥാനാർത്ഥികളെ നിറുത്തി പോരാട്ടം കടുപ്പിക്കാനാണ് മുന്നണികൾ ലക്ഷ്യമിടുന്നത്. മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ് പത്തനംതിട്ടയിൽ. സ്ഥാനാർത്ഥി ചർച്ചകൾ സജീവമാണെങ്കിലും ഇതുവരെ ആരൊക്കെ എന്ന ചിത്രം വ്യക്തമായിട്ടില്ല. സ്ഥാനാർത്ഥികളെ സംബന്ധിച്ച അഭ്യൂഹങ്ങൾ പലതും ഉയരുന്നുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ ഇക്കുറി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടും.
ആന്റോ ആന്റണിയോ?
മണ്ഡലത്തെ തുടർച്ചയായി രണ്ടു തവണ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണി തന്നെ യു.ഡി.എഫിനു വേണ്ടി വീണ്ടും രംഗത്തുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യന്റെ പേരും കോൺഗ്രസിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്നും പാർട്ടി അണികളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. സിറ്റിംഗ് എം.പിമാർ മത്സരിക്കണമെന്നാണ് കോൺഗ്രസ് തീരുമാനമെങ്കിൽ ആന്റോ ആന്റണിക്ക് തന്നെയാണ് സാദ്ധ്യത.
വീണാ ജോർജിന്റെ പേരും
എൽ.ഡി.എഫ് ബൂത്ത് തല പ്രവർത്തനം സജീവമാക്കിയെങ്കിലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സൂചനകളില്ല. ആറൻമുള എം.എൽ.എ വീണാ ജോർജ് മത്സരിക്കണമെന്ന് ചില കോണുകളിൽ നിന്ന് ചർച്ചകൾ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ആന്റോ ആന്റണിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ പീലിപ്പോസ് തോമസിനെ വീണ്ടും മത്സരിപ്പിക്കണമെന്നും സി.പി.എമ്മിനുള്ളിൽ അഭിപ്രായമുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന് പത്തനംതിട്ട കിട്ടിയാൽ ഫ്രാൻസിസ് ജാേർജ് സ്ഥാനാർത്ഥിയായേക്കും.
കണ്ണന്താനം വരുമോ?
ബി.ജെ.പി നടത്തിയ സർവേകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സരേന്ദ്രനാണ് മണ്ഡലത്തിൽ മുൻതൂക്കം. സരേന്ദ്രനില്ലെങ്കിൽ കഴിഞ്ഞ തവണ വോട്ടു വർദ്ധനയുണ്ടാക്കിയ മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സ്ഥാനാർത്ഥിയാകണമെന്നും അഭിപ്രായമുണ്ട്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെയും ശബരിമല സമരത്തിൽ പങ്കെടുത്ത മറ്റു ചില നേതാക്കളുടെപേരും ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി എം.ടി രമേശ് 1.40 ലക്ഷം വോട്ടുകൾ നേടിയിരുന്നു.
പ്രതീക്ഷകൾ
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കു വേണ്ടി പത്തനംതിട്ടയിൽ ആദ്യം മുതൽ നടത്തിയ സമരവും മണ്ഡലത്തിനു വേണ്ടി ആന്റോ ആന്റണി എം.പി നടത്തിയ വികസന പ്രവർത്തനങ്ങളും യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കും. മണ്ഡലം പരമ്പരാഗത യു.ഡി.എഫ് കോട്ടയായതിനാൽ ഇത്തവണയും വിള്ളലുണ്ടാകില്ലെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്.
അതേസമയം, യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയതിലൂടെ സുപ്രീംകോടതി വിധി നടപ്പാക്കി നവോത്ഥാനത്തിനു തുടക്കമിട്ടു എന്ന് എൽ.ഡി.എഫിന് അവകാശപ്പെടാം. 2009നെ അപേക്ഷിച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് ഇത്തവണ മണ്ഡലം പിടിക്കാനുളള പോരാട്ടം നടത്തും. സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കും.
ശബരിമലയിൽ യുവതീ പ്രവേശനം നടപ്പാക്കുന്നതിനെതിരെ വിശ്വാസപക്ഷത്തു നിന്ന ബി.ജെ.പിക്കും സംഘപരിവാറിനും പത്തനംതിട്ട മണ്ഡലം പ്രധാനപ്പെട്ടതാണ്. 2014ൽ ആറൻമുള വിമാനത്താവള വിരുദ്ധ സമരം തുറുപ്പുചീട്ടാക്കിയ ബി.ജെ.പി ഇപ്പോൾ ശബരിമല വിഷയത്തെ അതിലും വലിയ അവസരമായി കരുതുന്നു. കേന്ദ്ര സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങളും ബി.ജെ.പി ആയുധമാക്കും.