കോട്ടയം: ഭൂഉടമയുടെ സമ്മതമില്ലെങ്കിലും കർഷകർ കൃഷി ചെയ്യാൻ തയ്യാറായാൽ തരിശ് ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. കൃഷി ചെയ്യാൻ തയ്യാറാകാതെ ഭൂമി തരിശിടുന്ന ഭൂ ഉടമയ്‌ക്ക് നോട്ടീസും നൽകും. 15 ദിവസത്തിനകം കൃഷി ചെയ്യാൻ തയ്യാറായില്ലെങ്കിൽ കർഷക കൂട്ടായ്‌മയ്‌ക്ക് കൃഷി ചെയ്യാൻ സ്ഥലം നൽകും. ഉടമസ്ഥാനവകാശം ഉടമയിൽ തന്നെ നിലനിറുത്തിയാകും ഇവിടെ വിത്തിറക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാൽ നൂറ്റാണ്ടിന് ശേഷം കൃഷി യോഗ്യമാക്കിയ മുപ്പായിക്കാട് പൂഴിക്കുന്ന് - തുരുത്തുമ്മേൽ പാടശേഖരത്തിലെ വിതയുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ 1.96 ലക്ഷം ഹെക്‌ടറിൽ മാത്രമായിരുന്നു നെൽകൃഷിയുണ്ടായിരുന്നത്. ഇത് 2.20 ലക്ഷം ഹെക്‌ടറാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേയ്‌ക്കും മൂന്നു ലക്ഷം ഹെക്‌ടറിൽ നെൽകൃഷി ഒരുക്കുനാണ് പദ്ധതി തയ്യാറാക്കുന്നത്. 2020 ഓടെ കോട്ടയം തരിശ് രഹിത ജില്ലയാക്കി മാറ്റും. ജില്ലയിൽ കൃഷി ചെയ്യുന്ന ജനകീയ കൂട്ടായ്മയുടെ മാതൃക സംസ്ഥാനത്ത് എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. ജനകീയ കൂട്ടായ്മയുടെയും സർക്കാരിന്റെയും സഹായത്തോടെ കൃഷി ചെയ്തതോടെ നെല്ലിന്റെ വിസ്തൃതിയിലും ഉത്പാദനത്തിലും മാറ്റമുണ്ടായിട്ടുണ്ട്. പ്രളയത്തിന് ശേഷം മാത്രം കുട്ടനാട് മേഖലയിൽ 14000 ഹെക്ടറിൽ കൃഷി ചെയ്യാൻ കഴിഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന , നഗരസഭ അംഗങ്ങളായ സനൽ തമ്പി , അരുൺ ഷാജി , പി.എൻ സരസമ്മാൾ , സി.പി.എം ഏരിയ സെക്രട്ടറി കെ.ശശികുമാർ, മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ സംയോജന പദ്ധതി കോ ഓർഡിനേറ്റർ കെ.അനിൽകുമാർ , കെ.പ്രശാന്ത്, പി.ആർ രാജു, സന്തോഷ് തുരുത്തുമ്മേൽ എന്നിവർ പ്രസംഗിച്ചു.
അഞ്ച് ടൺ വരെ വിളവ് ഈ മേഖലയിൽ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 40000 ഏക്കറിൽ അധികം തരിശ് കൃഷി ഉള്ളതിൽ ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ നദീസംയോജന പദ്ധതിയുടെ നേതൃത്വത്തിലാണ് പാടശേഖരങ്ങൾ കൃഷിയ്‌ക്കായി ഒരുക്കിയത്. ശശികുമാർ, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 35 കർഷകർ ഒന്നിച്ച് ചേർന്നാണ് പാടശേഖരത്തിൽ കൃഷിയിറക്കുന്നത്. ഒരു മാസം എടുത്താണ് 150 ഏക്കറിലേറെ വരുന്ന പാടങ്ങളിൽ വിത്തിറക്കിയിരിക്കുന്നത്.