കോട്ടയം: കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുന്ന കേസുകളിലെ വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന നിർദേശത്തിന് പുല്ലുവില. 2012 മുതൽ ജില്ലയിൽ രജിസ്റ്റർ ചെയ്‌ത 263 ബലാത്സംഗ കേസുകളിൽ വിചാരണ പൂർത്തിയായത് ഇരുപതിൽ താഴെ കേസുകളിൽ മാത്രം. പോക്‌സോ കേസുകൾക്കു മാത്രമായി പ്രത്യേക കോടതി വേണമെന്ന നിർദേശം പാലിക്കപ്പെടാത്തതാണ് ഈ അനീതിക്കു കാരണം.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് പോക്‌സോ നിയമം നടപ്പാക്കിയത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് നിയമം നിഷ്‌കർഷിക്കുന്നു. എല്ലാ ജില്ലകളിലും ഒരു കോടതിയെങ്കിലും വിചാരണയ്‌ക്കായി വേണമെന്നും നിർദേശമുണ്ട്. എന്നാൽ, ഏഴു വർഷം കഴിഞ്ഞിട്ടും ഇതൊന്നും നടപ്പായിട്ടില്ല. പീഡനത്തിന് ഇരയാക്കപ്പെടുന്ന കുട്ടികൾക്ക് രഹസ്യ വിചാരണ വേണമെന്നും, നടപടികൾ കാമറയിൽ പകർത്തി സൂക്ഷിക്കണമെന്നും നിയമം നിഷ്‌കർഷിക്കുന്നു.

നിലവിൽ സെഷൻസ് കോടതികളാണ് ഇത്തരം കേസുകൾ പരിഗണിക്കുന്നത്. മറ്റു കേസുകൾക്കൊപ്പമാകുമ്പോൾ സ്വാഭാവികമായും കാലതാമസം ഉണ്ടാകും. 2013 ൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ പോലും അടുത്തിടെ മാത്രമാണ് വിചാരണ ആരംഭിച്ചത്.

കേസും കോടതിയും

മറ്റൊരു പീഡനം

2013 ൽ പീഡനത്തിന് ഇരയായ കുട്ടിയെ ദീർഘനാളത്തെ കൗൺസലിംഗ് അടക്കമുള്ള നടപടികളിലൂടെയാണ് സ്വാഭാവിക ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്. കുട്ടികളുടെ മാനസികാവസ്ഥയെ പെട്ടെന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ ബാധിക്കാറുണ്ട്. എന്നാൽ, കുട്ടികൾ സാധാരണ മാനസികനിലയിലേയ്‌ക്ക് തിരിച്ചെത്തിയ ശേഷമാണ് പലപ്പോഴും കേസ് വിചാരണയ്‌ക്കെടുക്കുക. വിചാരണ ഘട്ടത്തിൽ ഇതേ സംഭവങ്ങൾ കോടതിയിൽ ആവർത്തിക്കേണ്ടിവരുന്നത് കുട്ടികളെ വീണ്ടും ഇതേ മാനസികാവസ്ഥയിലേയ്‌ക്ക് എത്തുക്കുമെന്ന് വിദഗ്‌ധർ പറയുന്നു. അതുകൊണ്ടു തന്നെയാണ് പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് നിയമം നിഷ്‌കർഷിച്ചത്.

വൈകുന്നത് കുട്ടികൾക്ക് ഭീഷണി

കേസ് വൈകുന്നത് ഇരകളാക്കപ്പെടുന്ന കുട്ടികൾക്ക് ഭീഷണിയാണ്. പ്രതികൾ പലപ്പോഴും സമൂഹത്തിലെ മാന്യന്മാരും പ്രബലരും ആകും. ഇത്തരം സംഭവങ്ങളിൽ വിചാരണ വൈകുന്നതിനാൽ ഇവർക്ക് അതിവേഗം തന്നെ ജാമ്യം ലഭിക്കും. ഇത് കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിന് ഇടയാക്കും.

സി.വി മേരിക്കുട്ടി, അദ്ധ്യക്ഷ

ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി