കോട്ടയം : നവീകരണം പൂർത്തിയാക്കിയിട്ടും ചുങ്കത്ത് മുപ്പത് പാലം തുറന്ന് കൊടുക്കാത്തതിനാൽ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് പുന:രാരംഭിക്കാനായില്ല. സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ പാലം തുറന്ന് കൊടുക്കുന്നത് വൈകിപ്പിക്കുന്നത്. ഒരുവർഷ മുൻപാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പുതുവത്സരത്തിന് തുറക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പിന്നീടത് ജനുവരി 15 ലേക്കും ഫെബ്രുവരി 1 ലേക്കും മാറ്റിയെങ്കിലും പാലം അടഞ്ഞുതന്നെ കിടക്കുകയാണ്.

പാലം തകരാറയതോടെ രണ്ടുബോട്ടുകൾ കാഞ്ഞിരത്ത് സർവീസ് അവസാനിപ്പിക്കുകയാണ്. മറ്റൊരു ബോട്ട് പള്ളം വഴിയാണ് കോടിമതയിലെത്തുന്നത്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്ന പാലം വൈദ്യുതിയില്ലാതെ ഉയർത്താവുന്ന രീതിയിലാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. പാലം ഉയർത്തുമ്പോഴും താഴ്ത്തുമ്പോഴും ഓട്ടോമാറ്റിക് ആയി മോട്ടോർ ഓഫാകുന്ന ലിമിറ്റ് സ്വിച്ച് കൂടി ഘടിപ്പിക്കാനും തീരുമാനമായി. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേരാണ് പാലം തുറക്കാത്തതിനാൽ ബുദ്ധിമുട്ടിലായിരിക്കുന്നത്.

ഏതാനും ജോലികൾ കൂടി പൂർത്തിയാക്കി അടുത്ത ആഴ്‌ചയോടെ തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. നഗരസഭ 3 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ തകരാർ പരിഹരിച്ചത്. ''

ഡോ.പി.ആർ സോന (നഗരസഭ ചെയർപേഴ്‌സൺ)