കോട്ടയം: ഈരയിൽക്കടവ് റോഡിന്റെ മൂന്നാം റീച്ച് ടാംറിംഗ് രണ്ടു ദിവസത്തിനകം ആരംഭിക്കും. ടാറിംഗിനു മുന്നോടിയായി റോഡിൽ മെറ്റൽ നിരത്തുന്ന ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇന്നു വൈകുന്നേരത്തോടെ ഈ ജോലികൾ പൂർത്തിയാക്കി നാളെ ടാറിംഗ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വർഷം മുൻപ് നിർമ്മാണം ആരംഭിച്ച റോഡിന്റെ ഒന്നും രണ്ടു റീച്ചുകളാണ് ഇതുവരെ പൂർത്തിയായത്.
റോഡിന്റെ മധ്യഭാഗത്ത് മുപ്പായിക്കാട് റോഡ് മുതലുള്ള അഞ്ഞൂറ് മീറ്ററാണ് ആദ്യം ടാർ ചെയ്‌തത്. തുടർന്ന് മാസങ്ങളോളം ടാറിംഗ് വൈകിയതോടെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച് റോഡ് ടാർ ചെയ്യുകയായിരുന്നു. മൂന്നരകിലോമീറ്റർ നീളമുള്ള റോഡിൽ ഒരു കിലോമീറ്ററിലെ ടാറിംഗ് മാത്രമാണ് രണ്ടാം ഘട്ടമായി പൂർത്തിയാക്കുന്നത്. ഇതിനു ശേഷം റോഡിന്റെ മധ്യഭാഗം മുതൽ മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രം വരെയുള്ള ഭാഗത്തെ ടാറിംഗും ആരംഭിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. റോഡിൽ ഒൻപത് മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്. 17 ഏക്കറോളം സ്ഥലത്തെ പാടങ്ങൾ നികത്തിയാണ് റോഡ് നിർമ്മിച്ചത്.
വീതി കുറഞ്ഞ റോഡ്
അപടകസാദ്ധ്യത ഏറെ
പതിനഞ്ച് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നതെങ്കിലും റോഡിന്റെ മധ്യഭാഗത്ത് ഒൻപത് മീറ്റർ മാത്രമാണ് ടാർ ചെയ്‌തിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ തറനിരപ്പിൽ നിന്നും പത്ത് മീറ്റർ ഉയർത്തിയാണ് ടാർ ചെയ്‌തിരിക്കുന്നത്. പതിനഞ്ച് മീറ്റർ വീതിയുള്ള റോഡിന്റെ ഒൻപത് മീറ്റർ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഇത് അപകടമുണ്ടാക്കും.
റോഡിന്റെ ഇരുവശത്തും വൻ കുഴിയാണ് രൂപപ്പെട്ടിയിരിക്കുന്നത്. വെളിച്ചമില്ലാത്ത റോഡിലൂടെ രാത്രിയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തിൽ റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് ടാറിംഗ് പ്രതലത്തിന് ഒപ്പം ഉയർത്തണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.