കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവിലും വാളിക്കൽ ജംഗ്ഷനിലും ടൗൺ ഫീഡറിന്റെ പരിധിയിൽ വരത്തക്കവിധം പുതിയ ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള പാറക്കടവ് ട്രാൻസ്‌ഫോമറിൽ എറിക്കാട് ഫീഡറിൽ നിന്നു മൂന്നര കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് വൈദ്യുതിയെത്തുന്നത്. മരങ്ങളുടെ ഇടയിലൂടെയായതിനാൽ വൈദ്യുതി മുടക്കം തുടർക്കഥയാണ്. കെ.എം.എ ജംഗ്ഷൻ വരെ വന്നു നിൽക്കുന്ന ടൗൺ ഫീഡർ 350 മീറ്ററോളം നീട്ടി വലിച്ചാൽ വാളിക്കൽ ജംഗ്ഷനിലും പാറക്കടവിലും പുതിയ ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കാനാകും.വാളിക്കൽ പടി, ചെട്ടി പറമ്പ് ലെയ്ൻ, പി .കെ. ജംഗ്ഷൻ, ഇല്ലത്തുപറമ്പിൽ പടി, വലിയകുന്നത് വളപ്പ് എന്നിവിടങ്ങളിലെ വൈദ്യുതി തകരാറിനും പരിഹാരമാകും. ഈ ആവശ്യമുന്നയിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം എം.എ.റിബിൻ ഷാ, വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിൽ എന്നിവർ മന്ത്രി എം.എം.മണിക്ക് നിവേദനം നൽകി.