പഞ്ചായത്തിന് മന്ത്രിയുടെ രൂക്ഷ വിമർശനം
മേലുകാവ് : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ മുന്നൊരുക്കമായി കാഞ്ഞിരപ്പള്ളി - കാഞ്ഞിരംകവല റോഡ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ റോഡ് വികസന മാതൃക നാടിന്റെ മുഖച്ഛായ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിൽ ഉൾനാടൻ റോഡുകൾപോലും വികസിപ്പിക്കുന്ന വികസന മാതൃകയാണ് അവംലംബിച്ചിരിക്കുന്നത്. ഇതിന് നിയോജകമണ്ഡലം നോക്കി തിരിച്ചുഭേദമില്ല. 128.91കോടിയുടെ പ്രത്യേക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച രണ്ട് റോഡുകളാണ് തിരുവനന്തപുരത്തെ വെള്ളനാട് ചെറ്റച്ചൽറോഡും , കാഞ്ഞിരപ്പള്ളികാഞ്ഞിരംകവല റോഡും. 13 വർഷത്തെ ഡിസൈൻ കാലാവധിയാണ് നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ഹെൽപ്പ്‌ലൈൻ സംവിധാനം ഉൾപ്പെടെ ഒരുക്കിയാണ് കരാർ കമ്പനി സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയത്. റോഡുസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പോരായ്മകൾ ചൂണ്ടിക്കാട്ടി ഇതുപോലൊരു ബൃഹത് പദ്ധതിയെ ബഹിഷ്‌കരിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നടപടിയെ മന്ത്രി നിശിതമായി വിമർശിച്ചു.
മേലുകാവ് മറ്റം ടൗണിലും കാഞ്ഞിരപ്പള്ളിയിലുമായാണ് ഉദ്ഘാടനം നടന്നത്. മേലുകാവിൽ കെ.എം മാണി എം.എൽ.എയും കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ. ജയരാജ് എം.എൽ.എയും അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളിയിൽ ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയായിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, അംഗങ്ങളായ ജോളി ഫ്രാൻസിസ്, ജേക്കബ്‌ജോസ്, സുബിൻ സലിം, വിദ്യ രാജേഷ്, ഷീല തോമസ്, ബീന ജോബി തുടങ്ങിയവർ പങ്കെടുത്തു.
1.നിർമ്മാണ ചെലവ് : 80 കോടി
2.36 കിലോമീറ്റർ ദൈർഘ്യം
3.പാല, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു