കോട്ടയം: തണ്ണീർമുക്കം ബണ്ട് അടുത്തവർഷം തുറന്നിടുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ പ്രതീക്ഷയിലാണ് കായലോര മത്സ്യമേഖല. അടച്ചിടുന്നത് മൂലം ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിലെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. പ്രതിസന്ധിയിലായ അയ്യായിരത്തോളം മത്സ്യതൊഴിലാളികൾ കറുത്ത കക്ക വാരിയാണ് ഉപജീവനം നടത്തുന്നത്. എന്നാൽ ഒഴുക്ക് നിലയ്ക്കുകയും കായൽ മലിനമാവുകയും ചെയ്തതോടെ കറുത്തകക്കയും ചത്തൊടുങ്ങാൻ തുടങ്ങി.

കക്കയ്ക്ക് ആവശ്യമായ ഓക്‌സിജനും ഭക്ഷ്യവസ്തുക്കളും (സസ്യപ്ലവകങ്ങൾ) ലഭ്യമാകാത്തതാണ് കക്ക പൊട്ടിനശിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് (ഏ ട്രീ) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫിഷ് കൗണ്ട് സർവേ പ്രകാരം ബണ്ടിന്റെ തെക്ക് 2017ൽ 55 മത്സ്യയിനങ്ങൾ ഉണ്ടായിരുന്നപ്പോൾ കഴിഞ്ഞവർഷം 49 ഇനങ്ങളായി കുറഞ്ഞു. കായലിന്റെ വിസ്തീർണം 200 ചതുരശ്ര കിലോമീറ്ററിൽ നിന്ന് കൈയേറ്റം മൂലം 110 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഒഴുക്ക് നിലച്ച കായലിൽ മാലിന്യം കാലങ്ങളോളം കെട്ടിക്കിടക്കുന്ന അവസ്ഥയും വന്നു.

കുട്ടനാട് പാക്കേജിന്റെ ഭാഗമായി 16 സ്ഥലങ്ങളിൽ ജലപരിശോധന നടത്തിയപ്പോൾ കാഡ്മിയം അടക്കമുള്ള ലോഹമാലിന്യങ്ങൾവരെ കണ്ടെത്തി. സ്ഫടിക തുല്യമായിരുന്ന ജലത്തിൽ ഇപ്പോൾ കോളിഫോം ബാക്ടീരിയയുടെ അളവ് 300 ഇരട്ടിയായി വർദ്ധിച്ചു. ഖരമാലിന്യം, ജൈവമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, രാസമാലിന്യം, കക്കൂസ് മാലിന്യം തുടങ്ങിയവ ഉപേക്ഷിക്കാനുള്ള കുപ്പത്തൊട്ടിയായി കായൽ മാറി. ബണ്ട് തുറന്നിടുന്നതോടെ കടലിൽനിന്നുള്ള ഉപ്പുവെള്ളം കയറി മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനം വർദ്ധിക്കുന്നതോടൊപ്പം കൃമികീടങ്ങൾ ഉൾപ്പെടെയുള്ളവ നശിച്ച് കായൽ ശുദ്ധീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.