കോട്ടയം: രണ്ട് ലോക്സഭ സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന് പിറകെ ചെയർമാൻ കെ.എം. മാണിയും ഇതേ നിലപാടുമായി രംഗത്തെത്തി.
കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി എന്ന കടുംപിടിത്തവുമായി ജോസഫ് നിന്നപ്പോൾ കിട്ടിയാൽ ഊട്ടി എന്ന 'ന്യൂട്രൽ കളിയായിരുന്നു' മാണി ആദ്യം നടത്തിയത്. ജോസ് കെ. മാണി നയിക്കുന്ന കേരള യാത്ര അവസാനിക്കും മുമ്പേ പാർട്ടിയിൽ ഭിന്നിപ്പുണ്ടാകുമെന്ന് മനസിലാക്കിയാണ് മാണി ഇന്നലെ രണ്ട് സീറ്റ് വേണമെന്ന് കടുപ്പിച്ചു പറഞ്ഞ് രംഗത്തെത്തിയത്. ജോസഫിന്റെ നിലപാടിനാണ് പാർട്ടിയിൽ ഭൂരിപക്ഷ പിന്തുണയെന്നതും പഴയ നിലപാട് മാറ്റാൻ കാരണമായി.
കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് നൽകി മാണിഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് കൊണ്ടുവന്നപ്പോഴുള്ള ധാരണ അനുസരിച്ച് കോട്ടയം സീറ്റിനേ മാണി ഗ്രൂപ്പിന് അവകാശമുള്ളൂ. കോട്ടയം സീറ്റ് മാത്രം ലഭിച്ചാൽ ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. കോട്ടയം വിട്ടുകൊടുക്കാൻ മാണി തയ്യാറുമല്ല. ഇത് പിളർപ്പിന് വഴിയൊരുക്കും. ഇതൊഴിവാക്കാനാണ് മാണിയും നിലപാട് കടുപ്പിച്ച് രണ്ട് സീറ്റെന്ന ആവശ്യത്തിൽ എത്തിയതെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി മാറിയ ചരിത്രമുണ്ട് ജോസഫ് വിഭാഗത്തിന്. കഴിഞ്ഞ ഇടതു മന്ത്രിസഭയിൽ പങ്കാളിത്തമുണ്ടായിരുന്ന ജോസഫ് വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു മുന്നണി മാറി മാണി ഗ്രൂപ്പിൽ ലയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റെന്ന ന്യായമായ ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്.
. അത് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.
കെ.എം. മാണി
(കേരള കോൺഗ്രസ് എം ചെയർമാൻ )