ചങ്ങനാശേരി :വേനലെത്തും മുമ്പേ നഗരത്തിൽ കുടിവെള്ളം മുട്ടിത്തുടങ്ങി.

കിണറുകളും കുളങ്ങളുമെല്ലാം വറ്റിയ നിലയിലാണ്.ഇത്തരത്തിൽ കുടിവെള്ള ഭീഷണി നേരിടുമ്പോഴും

കുടിവെള്ള വിതരണത്തിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടുമില്ല. കറ്റോട് കല്ലിശേരി പദ്ധതിയിൽനിന്നാണ് നഗരത്തിലും പഞ്ചായത്തിലും ഇപ്പോൾ കുടിവെള്ളം ലഭ്യമാക്കുന്നത്. ചങ്ങനാശേരി, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലും ജലക്ഷാമം നേരിടുന്നുണ്ട്. ശാന്തിനഗർ, പാപ്പാൻചിറ, മന്ദിരം കവല, കുറിച്ചി ഔട്ട്‌പോസ്റ്റ്, മലകുന്നം, ആനക്കുഴി, പുലിക്കുഴി, കേളൻ കവല, റെഡിമെയ്ഡ് കവല, എണ്ണയ്ക്കാച്ചിറ, ചാലച്ചിറ, വലിയകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രശ്നം രൂക്ഷമാണ്. തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നഗരസഭയുടെ പൊതുടാപ്പുകളിൽ വെള്ളമില്ലാതായിട്ട് നാളുകളേറെയായി. നഗരസഭ വെള്ളത്തിനായി വർഷത്തിൽ ലക്ഷകണക്കിനുരൂപ വാട്ടർ അതോറിട്ടിക്ക് അടയ്ക്കുന്നുണ്ട്. വാട്ടർ അതോറിട്ടിയുടെ ടാപ്പുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. ഇങ്ങനെയുള്ള ടാപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചാൽ

കുടിവെള്ള പ്രശ്‌നത്തിനു ഒരു പരിഹാരമാകും. മാടപ്പള്ളി പ്രദേശത്തെ പന്നിത്തടം, പങ്കിപ്പുറം, ഏലംകുന്ന്, ഏഴോലിക്കൽ, പരപ്പൊഴിഞ്ഞ, മാന്നില, മാമ്മൂട്, ഇടപ്പള്ളി, പെരുമ്പനച്ചി, കുറുമ്പനാടം, പൊൻപുഴ, മോസ്‌കോ, വെങ്കോട്ട, അഴകാത്തുപടി തുടങ്ങിയ പ്രദേശങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.