കോട്ടയം: വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാട്ടകം മറിയപ്പള്ളി പുഷ്‌പഭവനിൽ അനിൽകുമാറിനെ (ബേക്കറി അനി -44) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നീലിമംഗലം ചിറയിൽ റിയാസിന്റെ (26) അറസ്റ്റ് രേഖപ്പെടുത്തി.
കോട്ടയം നഗരസഭ ഓഫീസിനു സമീപത്തു വച്ചാണ് റിയാസ് അനിയെ കുത്തിക്കൊലപ്പെടുത്തിയത്. അനിയ്ക്ക് അഞ്ചിലേറെ കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. രക്തം വാർന്നതാണ് മരണകാരണം. അടിപിടിയ്‌ക്കിടെ പ്രതി റിയാസിനും പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു ഡിസ്‌ചാർജ് ചെയ്‌തശേഷമാണ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കത്തി കണ്ടെത്താനുള്ള അന്വേഷണത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട അനിയുടെ മൃതദേഹം മറിയപ്പള്ളിയിലെ വീട്ടിൽ സംസ്‌കരിച്ചു.