കുറുപ്പന്തറ : 6 മാസം പാലം റെഡി. മാസങ്ങൾ ഇങ്ങനെ കടന്നു പോകുന്നത് മാത്രം മിച്ചം. പാലം വന്നില്ലെന്ന് മാത്രമല്ല നാട്ടുകാരുടെ വഴിയടച്ച് റെയിൽവേ എട്ടിന്റെ പണിയും കൊടുത്തു. റെയിൽപ്പാത ഇരട്ടിപ്പിക്കലിനായി കഴിഞ്ഞ മാർച്ചിലാണ് മാഞ്ഞൂർ മേൽപ്പാലം പൊളിച്ചത്. ബദൽ സംവിധാനം ഏർപ്പെടുത്താതെ പാലം പൊളിച്ചതിനെതിരെ അന്ന് പ്രതിഷേധം ഉടലെടുത്തിരുന്നു. എങ്കിലും റെയിൽവേ നിർമ്മാണവുമായി മുന്നോട്ട് പോയി. നിലവിൽ കോതനല്ലൂർ റെയിൽവേക്രോസ്,കുറുപ്പന്തറ റെയിൽവേക്രോസ് എന്നിവ കടന്നാണ് വാഹനയാത്രക്കാർ എം.സി റോഡിലേക്കെത്തുന്നത്. കാൽടയാത്രക്കാർക്ക് കടന്നു പോകാനായി സ്ഥലമുണ്ടായിരുന്നെങ്കിലും പണി മുറുകിയതോടെ അതും മതിലുകെട്ടി അടച്ചു. കൂടാതെ നിർമ്മാണ സാമഗ്രികൾ വഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. മെറ്റലിനും ഗർഡറുകൾക്കും ഇടയിലൂടെയാണ് വിദ്യാർത്ഥികളടക്കം ഇപ്പോൾ കടന്നു പോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് ആശങ്ക. മാഞ്ഞൂർ എൻ.എസ്.എസ് ഹൈസ്‌കൂൾ,വിദ്യാനികേതൻ സ്‌കൂൾ എന്നിവിടങ്ങളിലെ അദ്ധ്യാപകർ കോതനല്ലൂരിൽ ഇറങ്ങി ഓട്ടോ പിടിച്ചാണ് എത്തുന്നത്. ഇത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി അദ്ധ്യാപകർ പറയുന്നു. 60 രൂപയാണ് ഓട്ടോ ചാർജ്. അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികൾ ഒരു വശത്തേക്ക് മാറ്റി കാൽനടയാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെയിൽവേലൈൻ മുറിച്ച് കടക്കേണ്ടതിനാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ രാവിലെയും വൈകിട്ടും കൊണ്ടു വിടുകയാണ് ചെയ്യുന്നത്.
നിർമ്മാണം ഇങ്ങനെ
മാഞ്ഞൂർ ജംഗ്ഷനിൽ നിന്ന് നേരെ റോഡ് എത്തുന്ന വിധമാണ് പാലം നിർമ്മാണം. ഒരുവശത്ത് നടപ്പാതയുണ്ടാകും. സമീപത്ത് സ്ഥിതി ചെയ്യുന്ന പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലേക്ക് റോഡും പാലത്തിൽ നിന്നു ഇറങ്ങുന്നതിന് നടകളും നിർമ്മിക്കും.
പാഴായ പ്രഖ്യാപനം ഇങ്ങനെ
പാലത്തിന്റെ നിർമ്മാണ ജോലികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു എം.എൽ.എ അടക്കമുള്ളവർ പറഞ്ഞത്. ഒരുവർഷമാണ് പറഞ്ഞിരുന്നതെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് വേഗം തീർക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടമായി വേനലവധിയ്ക്ക് സ്കൂളുകൾ അടയ്ക്കുന്ന രണ്ടുമാസക്കാലയളവിൽ വിദ്യാർത്ഥികൾക്കടക്കം കടന്നു പോകാൻ ഫുട്പാത്ത് നിർമ്മിക്കും.
ഭരണാനുമതി ലഭിച്ചു
കുറവിലങ്ങാട് - ആലപ്പുഴ മിനി ഹൈവേയിൽ റെയിൽവേ ക്രോസിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കുറുപ്പന്തറ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.