കോട്ടയം: നഗരത്തിലെ ഓടകളുടെ നവീകരണം ആരംഭിച്ചു. വർഷങ്ങളായി നവീകരിക്കാതെ കിടന്ന ഈരയിൽക്കടവ് - തീയറ്റർ റോഡിലെ ഓടകളുടെ നവീകരണമാണ് ആരംഭിച്ചത്.
മഴക്കാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ അടക്കം മാലിന്യങ്ങളാണ് തീയറ്റർ റോഡിലെ ഓടയിലൂടെ നിറഞ്ഞൊഴുകിയിരുന്നത്. ഓടയിൽ മണ്ണ് നിറഞ്ഞതാണ് ഒഴുക്ക് നിലയ്ക്കാൻ കാരണം കൂടാതെ പലയിടത്തും ഓട പൂർണമായും നികന്നിരുന്നു. ഈ ഓടകൾ നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. തുടർന്നാണ് നഗരസഭ ഇടപെട്ട് നവീകരണം ആരംഭിച്ചത്.
ചന്തക്കടവ് മുതൽ ഈരയിൽക്കടവ് റോഡിലേയും ഓടയുടെ നവീകരണം ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ഓട പൂർണമായും തകർന്ന് കിടക്കുകയായിരുന്നു. മഴക്കാലത്ത് പോലും ഓടയിലെ ഒഴുക്ക് നിലച്ച അവസ്ഥയായിരുന്നു. ഇവിടെ പഴയ ഓടയുടെ ഇരുവശത്തെയും കോൺക്രീറ്റ് അടക്കം നീക്കം ചെയ്യുന്നുണ്ട്. ചെളിയും മണ്ണും നീക്കം ചെയ്‌ത ശേഷം ആഴത്തിൽ കുഴിയെടുത്ത് ഓട കോൺക്രീറ്റ് ചെയ്യും. നഗരസഭയുടെ മെയിന്റനൻസ് ഫണ്ടിൽ നിന്നും 86,000 രൂപയാണ് നവീകരണത്തിനായി മാറ്റി വച്ചിരിക്കുന്നത്.
ഈ രണ്ട് റോഡുകളിലെയും ഓടകളുടെ സ്ളാബുകൾ കാലപ്പഴക്കത്താൽ തകർന്നിരുന്നു. ഓട നവീകരിക്കുന്നതോടെ ഈ സ്ളാബുകളും മാറ്റും. ഇതോടെ ഇതുവഴി കാൽ നടയാത്രക്കാർക്ക് അപകട ഭീതിയില്ലാതെ കടന്നു പോകാൻ സാധിക്കും.