kottayam

കോട്ടയം: ഇക്കുറി കോട്ടയം ലോക്‌സഭാ മണ്ഡലം അരങ്ങാകുക, ഒരു 'കുടുംബകലഹ'ത്തിന്. സ്ഥാനാർത്ഥി നിർണയം മൂന്നു മുന്നണികളിലും പൂർത്തിയായിട്ടില്ലെങ്കിലും പറഞ്ഞുകേൾക്കുന്നത് കേരള കോൺഗ്രസുകാർ തമ്മിലുള്ള ഉശിരൻ മത്സരമാണ്.

യു.ഡി.എഫിൽ കേരളകോൺഗ്രസ്- എമ്മിന്റെ സീറ്റാണ് കോട്ടയം. മകനെ രാജ്യസഭാ സീറ്റ് കൊടുത്ത് ഡൽഹിക്കയച്ച മാണി ഇക്കുറി ആരെ കളത്തിലിറക്കുമെന്ന് ഉറപ്പിച്ചില്ല. കേരള കോൺഗ്രസിലെ പിളർപ്പുകളുടെ തുടർക്കഥയിൽ മാണിയെ വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച ഫ്രാൻസിസ് ജോ‌‌‌ർജിനെ ഇറക്കാനാണ് എൽ.ഡി.എഫിന്റെ അജണ്ടയെന്ന് ശ്രുതിയുണ്ട്. പാർട്ടിയുടെ പിതാവ് കെ.എം.ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജിനെ ഇടതു മുന്നണി ഇറക്കിയാൽ സാക്ഷാൽ പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസ് ആയിരിക്കും എൻ.ഡി.എയുടെ തുറുപ്പുചീട്ട്.

അതിനിടെ, ആമുഖമായി പറയേണ്ട പുതിയ പ്രതിസന്ധിയുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ വന്നപ്പോൾ കെ.എം.മാണി ചെന്ന് 'വീ വാണ്ട് മോർ സീറ്റ്' എന്നു പറഞ്ഞത് ഉരണ്ടുകൂടിവരുന്ന ഒരു തലവേദന മുന്നിൽക്കണ്ടാണ്. ജോസ് കെ.മാണി 2014-ൽ 1,20,599 വോട്ടിന് ഇടതു സ്ഥാനാർത്ഥി മാത്യു ടി. തോമസിനെ പൊളിച്ചടുക്കിയ കോട്ടയം ജോസഫ് വിഭാഗത്തിനു കിട്ടുമെന്ന് വിചാരിക്കേണ്ട. അതിനാണ് മാണിയും ജോസഫും കൂടി കേരള കോൺഗ്രസിന് രണ്ടു സീറ്റ് എന്ന ആവശ്യം ചൂടാക്കുന്നത്. തികച്ചും സ്വാഭാവികമായ സമ്മർദ്ദതന്ത്രം.

ജോസഫിന്റെ പ്രിയശിഷ്യനാണ് ഇപ്പോൾ ഇടതു മുന്നണി ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. ഫ്രാൻസിസുമായി ഒരു സഹകരണ സാധ്യത ജോസഫ് തള്ളിയിട്ടുമില്ല. തത്കാലം മാണിയെ ഉപേക്ഷിച്ച് വീണ്ടുമൊരു ഇടതുപ്രവേശനത്തിന് ജോസഫ് ഒരുങ്ങില്ലെങ്കിലും ഇടതു സ്ഥാനാർത്ഥി ഫ്രാൻസിസ് ആണെങ്കിൽ ജോസഫ് ചരടു വലിക്കാതിരിക്കില്ല. ജെ.ഡി.എസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാമെന്ന് സി.പി.എം ആദ്യം വിചാരിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചത്, ഫ്രാൻസിസിനെ മുൻനിറുത്തി ജോസഫിനെ പ്രയോജനപ്പെടുത്താമെന്നു കണക്കുകൂട്ടിയാണ്.

2004-ലെ തിരഞ്ഞെടുപ്പോടെ മൂവാറ്റുപുഴ ലോക്‌സഭാമണ്ഡലം ഇല്ലാതാകുന്നതിനു മുമ്പ്, 1989 മുതൽ മാണിക്കായി മണ്ഡലം കാത്തയാളാണ് പി.സി. തോമസ്. അവസാന മത്സരജയം തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി റദ്ദാക്കിയതും ചരിത്രം. ക്രിസ്ത്യൻ വോട്ടുകൾക്കൊപ്പം ബി.ജെ.പി, ബി.ഡി.ജെ.എസ് വോട്ടു കൂടി പരിഗണിക്കുപ്പോൾ പി.സി.തോമസിനേക്കാൾ നല്ലൊരു പേര് എൻ.ഡി.എയ്ക്ക് കണ്ടെടുക്കാനില്ല.തോമസിന് വ്യക്തിപരമായി സ്വാധീനമുള്ള പിറവം നിയമസഭാ മണ്ഡലം കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണു താനും.

ലോകം തലകീഴായി മറിഞ്ഞാലും കോട്ടയത്തെ വോട്ടർമാർക്ക് റബർവിലയിൽ കവിഞ്ഞൊരു ജീവിതവിഷയമില്ല. ഇക്കുറിയും പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് അതാകും. പിറവം പള്ളിത്തർക്കവും വികസന വിഷയങ്ങളും ഒപ്പം ചേരും. കേരളാകോൺഗ്രസ് പിറന്ന മണ്ണിൽ, പാർട്ടിയുടെ അന്നത്തെ തലതൊട്ടപ്പനായ മന്നത്തു പദ്മനാഭൻ രൂപം നൽകിയ എൻ.എസ്.എസ് ശബരിമല വിഷയത്തിൽ ഉൾപ്പെടെ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും സ്വാധീനഘടകമാകും..

2014ലെ വോട്ടിംഗ് നില

പോൾ ചെയ്തത്: 8,32,421

ജോസ് കെ.മാണി - കേരളാകോൺ (എം)- 4,24,194

മാത്യു ടി. തോമസ്- ജെ.ഡി.എസ്- 3,03,595

നോബിൾ മാത്യു- എൻ.ഡി.എ- 44,357

ജോസ് കെ. മാണിയുടെ ഭൂരിപക്ഷം: 1, 20,599

നിയമസഭാ മണ്ഡലങ്ങൾ

കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, വൈക്കം, പിറവം