കോട്ടയം: പാർട്ടിയോട് നിഴൽ യുദ്ധം വേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്‌താവനയ്‌ക്ക് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ മറുപടി. ആരുമായും നിഴൽയുദ്ധത്തിനില്ലെന്നും ഒരു പാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം നടത്താതിരിക്കാൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാമെന്ന് അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ സംസ്ഥാന സർക്കാരിനോട് സൗഹൃദ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയങ്ങളിൽ അനാവശ്യ ഇടപെടലോ വിലപേശലോ നടത്തിയിട്ടില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കണമെന്ന വ്യക്തമായ നിലപാടുള്ളതിനാൽ വിശ്വാസം സംരക്ഷിക്കാൻ എൻ.എസ്.എസ് തുടക്കം മുതൽ നിലകൊള്ളുകയാണ്. വിധി വന്നപ്പോൾ എൻ.എസ്.എസ് റിവ്യൂ ഹർജി ഫയൽ ചെയ്‌തു. തുടർന്ന് കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് തിടുക്കം കാണിക്കരുതെന്നും സാവകാശഹർജി ഫയൽ ചെയ്‌ത് റിവ്യൂഹർജിയിലെ തീരുമാനംവരെ നടപടി നിറുത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല നടപടിയുണ്ടായില്ല.
ആക്ടിവിസ്റ്റുകളെ പൊലീസ് സന്നാഹത്തിൽ സന്നിധാനത്തേക്ക് കൊണ്ടുപോയപ്പോഴും കോടിയേരിയെ വിളിച്ചിരുന്നു. വിശ്വാസികളുടെ മനോവേദന മനസിലാക്കി ഇതൊന്നു നിറുത്താൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാമെന്നുവരെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ എല്ലാം അവഗണിച്ച് മുന്നോട്ടുപോയപ്പോഴാണ് വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കാൻ തീരുമാനിച്ചത്. അതിൽ രാഷ്ട്രീയം കണ്ടില്ല. ഈ കാരണംകൊണ്ട് എൻ.എസ്.എസിനെതിരെ വാളോങ്ങാനോ വിമർശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനും അനുയായികൾക്കും ധാർമികതയില്ലെന്നും അദ്ദേഹം പറഞ്ഞു.