തലയോലപ്പറമ്പ് : പൊട്ടും നന്നാക്കും, വീണ്ടും പൊട്ടും...തലയോലപ്പറമ്പിലെ പൈപ്പ്പൊട്ടൽ തുടർക്കഥയാകുമ്പോഴും കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അധികൃതർ. നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണിയാണ് പൊട്ടലിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ ഇത് സമ്മതിച്ച് തരാൻ വാട്ടർഅതോറിറ്റി തയ്യാറാകില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് വില്ലനെന്നാണ് അവരുടെ ന്യായം.
തലയോലപ്പറമ്പ് - എഴുമാന്തുരുത്ത് റോഡിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിന് മുൻവശത്ത് ആറ് മാസത്തിനിടെ ജലവിതരണ പൈപ്പ് പൊട്ടുന്നത് ഏഴാം തവണയാണ്. പൊട്ടിയ ഭാഗം അറ്റകുറ്റപ്പണികൾ നടത്തി അധികൃതർ മടങ്ങുന്നതിന് മുമ്പേ ഈ ഭാഗം വീണ്ടും പൊട്ടും. ഇല്ലിത്തൊണ്ട് ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, തിരുപുരം ക്ഷേത്രം - പരദേവതാ റോഡ്, തലയോലപ്പറമ്പ് - കോലത്താർ റോഡ് തുടങ്ങി 18 ഓളം ഇടങ്ങളിലാണ് ശുദ്ധജലവിതരണ പൈപ്പ് പൊട്ടി ലിറ്ററുകണക്കിന് കുടിവെള്ളം പാഴാകുന്നത്. വീതി കുറഞ്ഞ റോഡിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം വീഴുന്നത് പതിവാണ്.