പദ്ധതിക്ക് ഭരണാനുമതിയായി
വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന 95 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതിയായി.
സി.കെ.ആശ എം.എൽ.എയുടെ നേതൃത്വത്തിൽ തയ്യറാക്കിയ മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള പദ്ധതികൾക്കാണ് അനുമതി. പരിമിതമായ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ഇവിടെയുള്ളത്. പുതിയ ചികിത്സവിഭാഗങ്ങൾ വന്നാൽ അവ പ്രവർത്തിക്കുന്നതിനുള്ള കെട്ടിടസൗകര്യമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതായിരുന്നു പ്രധാന പരിമിതി. എന്നാൽ പുതിയ മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതോടെ അതിന് പരിഹാരമാകും. കെട്ടിട നിർമ്മാണത്തിന് മാത്രമായി 53.57 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ആധുനിക ഉപകരണങ്ങൾക്കായി 11 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ മാസം കിഫ്ബിയിൽ നിന്ന് അംഗീകാരം ലഭിക്കുന്നതോടെ സാങ്കേതിക അനുമതിയാകും.
പദ്ധതികൾ ഇങ്ങനെ
ബി.എം.ബി.സി നിലവാരത്തിലുള്ള റോഡുകൾ
ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം
വിപുലമായ സൗകര്യങ്ങളോടെ ഒൗട്ട് പേഷ്യന്റ് വിഭാഗം
അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ
ജനറൽ ആശുപത്രിയായി ഉയർത്തും
ആശുപത്രിയെ എല്ലാവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആധുനിക ചികിത്സാ സംവിധാനങ്ങളുമുള്ള ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഭരണാനുമതി ലഭിച്ച പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ആശുപത്രിയുടെ ആധുനികവത്കരണവും വിപുലീകരണവും വേഗത്തിലാവും.
സി.കെ.ആശ എം.എൽ.എ