തലനാട് : തലനാട്, അടുക്കം പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിറുത്തലാക്കിയതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടിക്കൊരുങ്ങുന്നു. രാത്രി 9.20 ന് ഈരാറ്റുപേട്ടയിൽ നിന്നു പുറപ്പെട്ട് തലനാട് സ്റ്റേ ചെയ്യുകയും, രാത്രി 8.10ന് പേട്ടയിൽ നിന്നു പുറപ്പെട്ട് അടുക്കത്ത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്ന ബസുകളാണ് മാസങ്ങളായി സർവീസ് നിറുത്തിവച്ചിരിക്കുന്നത്. ഇതോടൊപ്പം ഉച്ചകഴിഞ്ഞ് 3.45 ന് പേട്ടയിൽ നിന്നു അയ്യമ്പാറ വഴി തലനാടിനുള്ള സർവീസും, 3.55നുള്ള മേലടുക്കം സർവീസും നിറുത്തി. മലയോര മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടിയാണിതെന്ന് കോൺഗ്രസ് തലനാട് മണ്ദലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കുര്യൻ നെല്ലവേലിൽ അദ്ധ്യക്ഷത വഹിച്ചു. ബേബി തോമസ് പൊതനപ്രകന്നേൽ, രോഹിണിഭായ്, ജിജി രമണൻ, ഡാലിയ ജോസഫ്, സജി കാരമുള്ളിൽ ജോസ് നമ്പുടാകം, ടോമി നടുവിലേക്കുളം, അബ്ദുൽകരീം, എം.എസ്.ഗോപാലൻ നായർ, അഫ്‌സൽ ഈറ്റിലക്കയം തുടങ്ങിയവർ സംസാരിച്ചു.