വൈക്കം : പ്രഖ്യാപിച്ച തുക നൽകാതെയും പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയും സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിറിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ധനസഹായ വിതരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹരായവരെ നീക്കി രാഷ്ട്രീയ താത്പര്യപ്രകാരം നഷ്ടപരിഹാര പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. അടിയന്തിരമായി ധനസഹായ തുക വിതരണം ചെയ്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പ് അങ്ങാടിയിൽ നിന്നു ആരംഭിച്ച മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ധർണയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ അഡ്വ.പി.പി.സിബിച്ചൻ, അക്കരപ്പാടം ശശി, പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, ടി.കെ.വാസുദേവൻ, റഷീദ് മങ്ങാടൻ, സി.എസ്.സലിം, ഓമന പാലക്കുളം, ജോർജ്ജ് വർഗ്ഗീസ്, സ്മിത പ്രിൻസ്, ടി.വി.സുരേന്ദ്രൻ, രാഗിണി ഗോപി, തുടങ്ങിയവർ പ്രസംഗിച്ചു.