e

ഈരാറ്റുപേട്ട : ട്രാഫിക് ഉപദേശകസമിതിയും നഗരസഭാ കൗൺസിൽ യോഗവും സംയുക്തമായി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തത് ഈരാറ്റുപേട്ടയെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിക്കുന്നു. നഗരസഭാ ബസ് സ്റ്റാൻഡ്, കുരിക്കൾ നഗർ, അരുവിത്തുറ പള്ളി ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ തുടങ്ങി ടൗണിലെ പ്രധാന ഭാഗങ്ങളിലെല്ലാം കുരുക്ക് പതിവാണ്. കഴിഞ്ഞ കമ്മിറ്റിയിലെ നിർദ്ദേശങ്ങളിൽ ആകെ നടപ്പാക്കിയത് ടൗണിലെ ട്രാഫിക് ഡിവൈഡറുകൾ പൊളിച്ചു നീക്കിയതാണ്. നൈനാർ പള്ളിയുടെ മുന്നിലെ സബ് ബസ് സ്റ്റോപ്പ് ഒഴിവാക്കുമെന്നായിരുന്നു തീരുമാനമെങ്കിലും സെൻട്രൽ ജംഗ്ഷനിൽ മുൻപ് നിറുത്തലാക്കിയ സ്റ്റോപ്പ് പുനരാരംഭിക്കയാണ് ചെയ്തത്. ഇത് ഗതാഗതക്കരുക്ക് രൂക്ഷമാക്കി.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏക മുനിസിപ്പാലിറ്റിയായ ഈരാറ്റുപേട്ടയിൽ ട്രാഫിക് യൂണിറ്റ് വരുമെന്ന വാഗ്ദാനം കടലാസിലാണ്. അംഗസംഖ്യ കുറവായതിനാൽ ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയോഗിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

നടപ്പാക്കാത്ത തീരുമാനങ്ങൾ

1.കുരിക്കൾ നഗറിലേക്ക് വാഹനം പ്രവേശിക്കുന്നത് തടയും

2.മാർക്കറ്റ് റോഡിൽ നിന്നു എം.ഇ.എസ് ജംഗ്ഷൻ വഴി നിയന്ത്രണം

3.ടൗൺ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റും

4.ഓട്ടോറിക്ഷകളുടെ ചുറ്റിക്കറക്കം അവസാനിപ്പിക്കും

5.ഇല്ലിക്കൽക്കല്ലിലേക്കുള്ള വാഹനങ്ങൾ നടയ്ക്കൽ കോസ് വേ വഴി തിരിച്ചുവിടും

6.ബസുകൾ പാർക്ക് ചെയ്യുന്നതിന് കടുവാമുഴി സ്റ്റാൻഡ് തുറക്കും

ആരോപണമുന്നയിച്ചവർ മൗനത്തിൽ

ടൗൺ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റുന്നതിന് കോഴ വാങ്ങിയെന്നായിരുന്നു മുൻ മുനിസിപ്പൽ ചെയർമാനെ നീക്കാനുള്ള പ്രധാന കാരണം. എന്നാൽ ആരോപണമുന്നയിച്ചവർ അധികാരത്തിലെത്തിയിട്ടും സ്റ്റാൻഡ് മാറ്റാൻ തീരുമാനമായില്ല. സ്റ്റാൻഡിലേക്ക് ബസുകൾ കയറിയിറങ്ങുന്നതാണ് കുരുക്കിന് പ്രധാനകാരണം. നഗരത്തിലെ കല്യാണമണ്ഡപങ്ങളിൽ വാഹന പാർക്കിംഗിന് ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ വഴിയരികിലാണ് ടൂറിസ്റ്റ് ബസുകളടക്കം പാർക്ക് ചെയ്യുന്നത്. ഞായറാഴ്ചകളിലടക്കം ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.