peruna-

ചങ്ങനാശേരി:നഗരം മാലിന്യക്കളമായിട്ടും നടപടിയില്ലെന്നതാണ്ചങ്ങനാശേരിക്കാരെ ചൊടിപ്പിക്കുന്നത്. ഈ ദുർഗന്ധത്തിന് ഒരു പരിഹാരമില്ലേ?​ എന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.നാടും നഗരവുമെല്ലാം മാലിന്യത്തിന്റെ പിടിയിലാണ്.വീടുകളിലെ ദൈനംദിന മാലിന്യങ്ങൾ പുറത്തേക്കെറിയുന്ന ശൈലിയാണ് ഈ പ്രശ്നം രൂക്ഷമാകാൻ കാരണം. ഇത്തരത്തിൽ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കെട്ടിക്കിടക്കുന്ന വിവിധ തരത്തിലുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലാക്കി വഴിനീളെ നിക്ഷേപിക്കുന്ന പുതിയ ശൈലിയാണ് മാലിന്യപ്രശ്നത്തിന്റെ പ്രധാന ഹേതു. എന്നാൽ കുറ്റമറ്റ രീതിയിലുള്ള ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കാനോ മാലിന്യ നിർമ്മാർജന പദ്ധതികളിലൂടെ ഇവ നിയന്ത്രിക്കാനോ നഗരസഭ ഒന്നും ചെയ്യുന്നില്ലായെന്നതാണ് കഷ്ടം. അതിനാൽ നാട്ടിൻപുറങ്ങളിൽ പോലും മൂക്കുപൊത്താതെ നടക്കാനാവില്ല എന്ന അവസ്ഥയാണ്.തെരുവിൽ കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞുനാറി ദുർഗന്ധം വമിക്കുന്നു.മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ നിറഞ്ഞ് കവിഞ്ഞു. മാലിന്യനീക്കം നടക്കുന്നില്ലായെന്നതാണ് സത്യം.

മാലിന്യ നിർമ്മാർജ്ജനം ഒഴിവാക്കി ബോധവത്ക്കരണവുമായി ഇറങ്ങിയ നഗരസഭയാകട്ടെ എല്ലാം അവസാനിപ്പിച്ച മട്ടിലാണ്.

പാതയോരങ്ങളിലെ കാനകളിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യവും നീർച്ചാലുകളിലൂടൊഴുകുന്ന മാലിന്യക്കിറ്റുകളും

നഗരത്തിലെ തനത് കാഴ്ചയായി മാറുകയാണ്.

1)​പൊതുനിരത്തുകളിൽ മാലിന്യ വീപ്പകൾ സ്ഥാപിച്ചിട്ടില്ല.

2)​ മാലിന്യനിക്ഷേപകരെ കണ്ടെത്താൻ സ്‌ക്വാഡില്ല

3)​നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടില്ല

മാലിന്യം ഇവിടെ രൂക്ഷം

റെയിൽവേസ്റ്റേഷൻ റോഡ്

പെരുന്ന പുഴവാത് റോഡ്

ടി.ബി റോഡ്,എം.സി റോഡ്

മടി അതാണ് കാര്യം

ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്കി നഗരസഭാ നേതൃത്വത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാക്കിയിരുന്നു. ഗാർഹിക മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനു വഴിയോരങ്ങളിൽ നഗരസഭ നിർമിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളെ ജനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതൊക്കെ താളംതെറ്റിയതാണ് പ്രശ്നത്തിന് കാരണം.

നഗരത്തിലെ മാലിന്യങ്ങൾ ആഴ്ചയിൽ നവീകരിക്കുന്നുണ്ട്.ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടത്. നഗരസഭ ഇതിനെതിരെ കർശനനടപടികൾ സ്വീകരിക്കും.ഒപ്പം ആരോഗ്യവിഭാഗത്തിന്റെ നൈറ്റ് സ്ക്വാഡും ക്രമീകരിക്കും.

നഗരസഭ ചെയർമാൻ ലാലിച്ചൻ ആന്റണി