കോട്ടയം: സംസ്ഥാന നേതാക്കൾ നയിക്കുന്ന യാത്രയ്ക്ക് ജില്ലയിൽ അടിത്തട്ടൊരുക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നയിക്കുന്ന ജാഥകൾ ജില്ലയിലൂടെ കടന്നു പോകുമ്പോൾ വൻ വിജയമാക്കാനുള്ള ചുമതലയാണ് ഇവരുടേത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ തത്കാലം യൂത്തൻമാർക്ക് കൈമാറിയപ്പോൾ ഫണ്ട് പിരിവ് അടക്കമുള്ള പ്രവർത്തനങ്ങളിൽ ഓടി നടക്കുകയാണ് നേതൃത്വം. അതേസമയം യാത്രകളൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ദേശീയ നേതാക്കളെ രംഗത്തിറക്കി കളം കൊഴുപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പിയിൽ.

 യാത്രകഴിഞ്ഞാൽ ഇലക്ഷൻ പ്രവർത്തനം

കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന യാത്രയ്ക്കായുള്ള ഓട്ടത്തിലാണ് ഇപ്പോൾ. 20, 21 തീയതികളിൽ യാത്ര ജില്ലയിൽ പര്യടനം നടത്തും. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണവും യാത്രയ്ക്ക് വേണ്ടിയുള്ള ചുവരെഴുത്തുകളും സജീവമായിട്ടുണ്ട്. ഈ ചുവരുകളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കും. ബൂത്ത് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയാണ്. 1564 ബൂത്തുകളിലും കമ്മിറ്റി പുനരുജ്ജീവിപ്പിച്ചു.

 ലക്ഷ്യം പ്രചാരണ ജാഥയുടെ വിജയം

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് പ്രചാരണ ജാഥ 23 മുതൽ 25വരെയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ഓരോ മണ്ഡലത്തിലും അയ്യായിരം പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. ആലപ്പുഴയിൽ നിന്ന് വൈക്കം വഴി ജില്ലയിൽ പ്രവേശിക്കന്ന യാത്ര കടുത്തുരുത്തി, കോട്ടയം, ഏറ്റുമാനൂർ മേഖലകളിൽ പര്യടനം നടത്തും. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടരുന്നുണ്ട്.

 ദേശീയ നേതാക്കളെത്തും

യുവാക്കളുടെ ബൈക്ക് റാലി,​ ബൗദ്ധികമായ ആളുകളുടെ സെമിനാർ,​ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ മീറ്റിംഗ് എന്നിവയിലൂടെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് അരങ്ങൊരുക്കുകയാണ്. 12 മുതൽ 'എന്റെ കുടുംബം ബി.ജെ.പി' കുടുംബം ഗൃഹസന്ദർശന പരിപാടി നടക്കും. യോഗി ആദിത്യനാഥ്,​ നിർമല സീതാരാമൻ,​ രാജ്നാഥ് സിംഗ് എന്നിവരാണ് കോട്ടയം,​ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെത്തുക. ഇതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ചുവരെഴുത്ത് ബുക്കിംഗ്,​ ബൂത്ത് ഓഫീസുകളുടെ ബുക്കിംഗ് എന്നിവയ്ക്ക് ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.