കോട്ടയം: വിഷലിപ്തമായ നെൽവയലുകൾ ജനജീവിതം ദുരിതപൂർണമാക്കുന്നുവെന്ന വ്യാപക പരാതി നിലനിൽക്കേ അമിതവളമോ കീടനാശിനിയോ പ്രയോഗിക്കാതെ നൂറ് മേനി വിളവ് നേടിയ അനുഭവകഥയാണ് അറുപത്താറ് വർഷമായി കാർഷികരംഗത്തുള്ള ജോയി ഇട്ടൂപ്പെന്ന ഇട്ടുപ്പ് ചേട്ടന് പറയാനുള്ളത്.
പടിഞ്ഞാറെ പഴയ കായൽ നെൽപാടത്തിന് മുകളിൽ വട്ടമിട്ട് പറക്കുന്ന പക്ഷികളെ ചൂണ്ടിക്കാട്ടി ഇട്ടൂപ്പുചേട്ടൻ പറയുന്നു: "വിഷമായിരുന്നെങ്കിൽ ഇവറ്റകൾ പാടത്തിറങ്ങില്ലായിരുന്നു .സംയോജിത കൃഷിയിലൂടെ കളകീടനാശിനികൾ പൂർണമായി ഒഴിവാക്കാം. രാസവളങ്ങളുടെ ഉപയോഗം മൂന്നിൽ ഒന്നായി കുറയ്ക്കാം. കൃഷിച്ചെലവ് കുറയുന്നതിനാൽ ഒരേക്കറിൽ നിന്ന് 20000-25000 രൂപയുടെ അധിക വരുമാനം നേടാം. വർഷത്തിൽ അഞ്ച് മുതൽ ഏഴ് ടൺ വരെ മത്സ്യവും ലഭിക്കും. പോത്ത്, പശു,ആട് ,താറാവ്, കോഴി വളർത്തലുമൊക്കെയായി നാലിരട്ടി അധിക വരുമാനം വേറെയും കിട്ടുന്നുണ്ട്. കൂടുതൽ ഉത്പാദനത്തിന് അമിതരാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കണമെന്ന ഭൂരിപക്ഷം കർഷകരുടെയും വാദം ശരിയല്ല .
പതിനാറ് ഏക്കറിലെ നെൽകൃഷിക്ക് 67000 രൂപയേ ആയിട്ടുള്ളൂ.സംയോജിത കൃഷിയിലൂടെ നിലവിലുള്ളതിലും നാലിരട്ടി വരുമാനംഉണ്ടാക്കാനാവുമ്പോൾ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാൻ ഓരോ കർഷകനും തയ്യാറാവണമെന്നാണ് ഇട്ടൂപ്പ് ചേട്ടന് ഉപദേശിക്കാനുള്ളത്.
കുട്ടനാട് ,അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ രാസവളങ്ങളും കള - കീടനാശിനിയും അമിതമായി ഉപയോഗിക്കുന്നതിലൂടെ മണ്ണിന്റെ സ്വഭാവികത നഷ്ടമായി. ഇതാണ് നെല്ലിന് അടിക്കടി രോഗങ്ങൾ ഉണ്ടാകാനും നെല്ല് നശിക്കാനും വിളവ് കുറയാനും കാരണം. മിത്ര കീടങ്ങൾ നശിക്കുന്നതിനാലാണ് ഉപദ്രവകരമായ കീടങ്ങൾ വളരുന്നത്. ഇതോടെ അമിതമായി കീടനാശിനി ഉപയോഗിക്കേണ്ടി വരുന്നു ഇത് ജലജീവികളുടെ ആവാസ വ്യവസ്ഥ തകർക്കുന്നു . കായൽ മത്സ്യങ്ങളിൽ പോലും രാസവളത്തിന്റെയും കീടനാശിനിയുടെയും അംശങ്ങൾ കണ്ടു തുടങ്ങി , ഒഴുക്ക് നിലച്ച് രാസമാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ മലിനപ്പെട്ട് മനുഷ്യർ നിത്യരോഗികളായി മാറുന്നുവെന്ന തിരിച്ചറിവാണ് രാസവളങ്ങളോട് വിടപറഞ്ഞ് ഇട്ടൂപ്പുചേട്ടൻ കാൽനൂറ്റാണ്ടു മുൻപ് സംയോജിത കൃഷിയിലേയ്ക്ക് തിരിയാൻ കാരണം.
മഹാപ്രളയത്തിൽ കായലും ആറും തോടും വയലുമെല്ലാം ശുദ്ധീകരിക്കപ്പെട്ടു .രാസവളത്തിൽ നിന്നും കീടനാശിനിയിൽ നിന്നും മടങ്ങിപ്പോകാനുള്ള അവസരമാണ് പ്രകൃതി കർഷകർക്ക് നൽകിയത്. അത് പ്രയോജനപ്പെടുത്തണം. ഇനിയെങ്കിലും മണ്ണറിഞ്ഞ് കൃഷി ചെയ്യണം.