പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ ശാഖാ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 11 മുതൽ നടക്കും. സപ്താഹത്തിന്റെ ഉദ്ഘാടനം 10 ന് വൈകിട്ട് 6.30 ന് കേരള വിഷൻ സാറ്റലൈറ്റ് ചാനൽ ചെയർമാനും കേരള കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ പ്രവീൺ മോഹനൻ ഇഞ്ചയിൽ നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ അനുഗ്രഹപ്രഭാഷണവും യജ്ഞാചാര്യൻ ചെറിയനാട് മുരളീധർജി ഭാഗവത മാഹാത്മ്യപ്രഭാഷണവും നടത്തും. ശാഖാ സെക്രട്ടറി വിനു വേലംപറമ്പിൽ, നിയുക്ത യൂണിയൻ കമ്മറ്റി അംഗം വി.ഹരിദാസ്‌ എന്നിവർ സംസാരിക്കും. 17 ന് അവഭൃഥസ്‌നാന ഘോഷയാത്രയോടെ സപ്താഹം സമാപിക്കും. കുംഭപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി 17 ന് വൈകിട്ട് പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയും പറയെടുപ്പും നടക്കും. 18 ന് കാവടി ഘോഷയാത്ര. പെരിങ്ങുളം ,കല്ലേക്കുളം , പൂഞ്ഞാർ ടൗൺ ,മുക്കുഴി വളതൂക്ക്, കടലാടിമറ്റം,പയ്യാനിത്തോട്ടം , ഇടമല , മങ്കുഴിഭാഗം, കുന്നോന്നി ശാഖ എന്നിവിടങ്ങളിൽ നിന്നു കാവടി ഘോഷയാത്ര പുറപ്പെടും. ഘോഷയാത്രയ്ക്ക് ശേഷം ക്ഷേത്ര മൈതാനിയിൽ പകൽപ്പൂരം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പൂഞ്ഞാർ ടൗണിലേക്ക് എഴുന്നള്ളിപ്പ്. വനിതാസംഘത്തിന്റെയും പ്രശോഭിനിസഭയുടെയും കുമാരി സംഘത്തിന്റെയും നേതൃത്വത്തിൽ 1001 പേർ ദേശതാലപ്പൊലിയിൽ അണിനിരക്കും. ക്ഷേത്ര പുനരുദ്ധാരണം നടക്കുന്നതിനാൽ കൊടിയേറ്റ്, പള്ളിവേട്ട, ആറാട്ട് എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കില്ല.