ഏറ്റുമാനൂർ: പതിവിനു വിരുദ്ധമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിന് ദേവസ്വം ബോർഡ് പ്രസിഡന്റും മെമ്പർമാരും എത്തിയില്ല. ശബരിമല വിഷയത്തിൽ ബോർഡിന്റെ നിലപാട് മാറ്റത്തിൽ പ്രതിഷേധമുയരുമെന്ന് ഭയന്ന് വിട്ടുനിന്നതാണെന്ന് ആക്ഷേപം ഉയർന്നെങ്കിലും ബോർഡ് ഭാരവാഹികൾ അത് നിഷേധിച്ചു.
കൊടിയേറ്റിന് ശേഷമുള്ള സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കർദാസ്, എൻ.വിജയകുമാർ, കമ്മിഷണർ എൻ.വാസു എന്നിവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇവർ എത്താഞ്ഞതിനാൽ ഉപദേശക സമിതി പ്രസിഡന്റാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങിനെത്താൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് എ.പത്മകുമാറും ശങ്കർദാസും പറഞ്ഞു. സുരക്ഷാ കാരണങ്ങളാലല്ല ഇവർ പങ്കെടുക്കാതിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറും അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവ കൊടിയേറ്റിന് എല്ലാ വർഷവും ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവർ പങ്കെടു
ക്കാറുണ്ട്.