ഈരാറ്റുപേട്ട : ജില്ലയിലെ ആദ്യ സ്റ്റേഡിയമായ ഈരാറ്റുപേട്ട നഗരസഭയിലുള്ള അരുവിത്തുറ സെന്റ് ജോർജ് സ്‌കൂൾ സ്റ്റേഡിയം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലുള്ള സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്റ്റേഡിയത്തിൽ കെട്ടിടം നിർമ്മിക്കാനുള്ള നീക്കമാണ് സ്കൂൾ മാനേജ്മെന്റ് നടത്തുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ ഒപ്പുശേഖരണവുമായി അരുവിത്തുറപള്ളിയുടെ ഇടവകാംഗങ്ങൾ തന്നെ സമരമുഖം തുറന്നു. ഇവർക്ക് പിന്തുണയുമായി കായികപ്രേമികളുമുണ്ട്.
സൗജന്യമായി ലഭിച്ച സ്ഥലത്ത് സർക്കാർ ധനസഹായത്തോടെയും, പ്രദേശവാസികളുടെ സഹകരണത്തോടെയുമാണ് 1963 ൽ സ്റ്റേഡിയം നിർമ്മിച്ചത്. ഗവർണർ വി.വി ഗിരിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ഏകപക്ഷീയമായാണ് സ്റ്റേഡിയം അടച്ചുപൂട്ടിയതെന്നാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. വിദ്യാഭ്യാസവകുപ്പോ, സ്‌കൂൾ പി.ടി.എയോ വിവരം അറിഞ്ഞിട്ടില്ല. ഇടവകാംഗങ്ങളെ വിളിച്ചു ചേർത്ത് അഭിപ്രായവും ആരാഞ്ഞില്ല. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളെയെല്ലാം മാനേജ്‌മെന്റ് അവഗണിച്ചതോടെയാണ് ഇടവകാംഗങ്ങൾ തന്നെ ഇപ്പോൾ നേരിട്ടിറങ്ങിയിരിക്കുന്നത്. മാനേജ്മെന്റിനിത് കടുത്ത വെല്ലുവിളിയാണുയർത്തുന്നത്.
നൂറുകണക്കിന് മത്സരങ്ങൾ
നിരവധി സംസ്ഥാന മീറ്റുകൾക്കും നൂറുകണക്കിന് ജില്ലാ, ഉപജില്ലാ മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്. പ്രാദേശിക ക്ലബുകൾ ഫുട്ബാൾ, വോളിബാൾ ടൂർണമെന്റുകളും നടത്തുന്നത് ഇവിടെയായിരുന്നു. ദേശീയതലത്തിൽ നിരവധി കായിക പ്രതിഭകളെ സൃഷ്ടിച്ച ഈ സ്റ്റേഡിയം ഇല്ലാതാക്കാനുള്ള നീക്കം എന്ത് വില കൊടുത്തും തടയുമെന്നാണ് കായികപ്രേമികൾ പറയുന്നത്.