തലയോലപ്പറമ്പ് : പ്രളയം കിടപ്പാടം തകർത്തെറിഞ്ഞ ഭിന്നശേഷിക്കാരനായ മേവെള്ളൂർ വളയനിയിൽ തമ്പിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. യുകെ കേന്ദ്രമായ ഇപ്സ്വിച് മലയാളി അസോസിയേഷനാണ് വീട് ഒരുക്കി നൽകുന്നത്. തമ്പിയുടെ ദുരവസ്ഥ നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് സഹായഹസ്തവുമായി മലയാളി അസോസിയേഷൻ രംഗത്തെത്തിയത്. നിലവിൽ വാടക്വാർട്ടേഴ്സിൽ കഴിയുന്ന തമ്പിയും കുടുംബവും 10 ന് പുതിയവീട്ടിലേക്ക് മാറും. പ്രളയാനന്തര ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി വെള്ളൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന ആദ്യ വീടിന്റെ താക്കോൽദാനം കൂടിയാണിത്. വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി താക്കോൽദാനം നിർവഹിക്കും. 500 സ്ക്വയർ ഫീറ്ററിലാണ് വീട് നിർമ്മിച്ചത്. ആറരലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പൻ, വാർഡ് മെമ്പർ ശാലിനി മോഹൻ, ഐ.എം.എ പ്രതിനിധികളായ ബിബിൻ അഗസ്തി, ജയ്സൺ സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിക്കും. മേവെള്ളൂരിൽ താക്കോൽദാന ചടങ്ങ് നടക്കുന്ന സമയത്ത് യുകെയിൽ ഇപ്സ്വിച് സംഘടന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകൂട്ടം കൺവീനർ സുനിൽ എം. ജി പറഞ്ഞു.