പാലാ : കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളെ നയിച്ചിരുന്നത് പിന്നാക്ക ജനതയാണെന്നും അതിന് നെടുനായകത്വം വഹിച്ചത് ശ്രീനാരായണ ഗുരുവാണെന്നും കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കടപ്പൂര് ശാഖാ ഗുരുദേവക്ഷേത്രത്തിലെ 40-ാ മത് പ്രതിഷ്ഠാ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നൂ അദ്ദേഹം. നവോത്ഥാന മൂല്യങ്ങൾ തകരുന്ന ഈ കാലഘട്ടത്തിൽ അതിനെ പ്രതിരോധിക്കാൻ ഗുരുദേവന്റെ അനുയായികൾക്ക് കഴിയണം. മാറ്റമാണ് ഈശ്വരൻ എന്ന് അരുളിച്ചെയ്ത അവതാര പുരുഷനാണ് ഗുരു. ആത്മീയ രംഗത്ത് ഗുരു തുടർന്നിരുന്ന ആശയസമരം പിന്നീട് നമുക്ക് തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് വിലപിക്കേണ്ടി വരില്ലായിരുന്നു. ഗുരുവിന്റെ വാക്കുകൾക്കും, ചിന്തകൾക്കും ശാസ്ത്രീയ അടിത്തറയുള്ളതിനാൽ കാലദേശാന്തരങ്ങൾക്ക് അപ്പുറം ഗുരുവിന്റെ പ്രബോധനങ്ങൾക്ക് പ്രസക്തി കൂടിവരികയാണ്.
പ്രാഥമിക അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാണ് പിന്നാക്ക ജനത കേരളത്തിൽ നടത്തിയത്. പതിറ്റാണ്ടുകൾക്കു മുമ്പ് വിവിധ സമുദായ സംഘടനകൾ സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ സവർണ - അവർണ ഭേദമില്ലാതെ ഒറ്റക്കെട്ടായി രംഗത്തു വന്നിരുന്നു. എന്നാൽ അന്ന് നവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പല സമുദായ പ്രസ്ഥാനങ്ങളും ഇന്ന് ഇതിനോട് മുഖം തിരിച്ചു നിൽക്കുന്നത് ദൗർഭാഗ്യകരമാണ്. വിദ്യ കരഗതമായാൽ സാമൂഹ്യ ജീർണ്ണത മാറുമെന്ന് ഗുരു പറഞ്ഞിരുന്നു. ഇന്ന് വിദ്യാസമ്പന്നരിലെ ജീർണ്ണതയാണ് കാലഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിലെ പുതിയ നവോത്ഥാന മുന്നേറ്റത്തിൽ ശ്രീനാരായണഗുരു പുതു ചൈതന്യമായി നിറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കമ്മിറ്റിയംഗം ഷാജി കടപ്പൂര് ആമുഖപ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ് ദിവാകരൻ കാപ്പിലോരം, സാബു അറയ്ക്കൽ, അംബികാ സുകുമാരൻ, രാമചന്ദ്രൻ കാപ്പിലോരം തുടങ്ങിയവർ പ്രസംഗിച്ചു. മയക്കുമരുന്നിനെതിരെ ശാഖ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനവും നടന്നു. ഉത്സവ ഭാഗമായി കാർഷിക പ്രദർശനവും പച്ചക്കറി വിത്ത് വിതരണവും നടത്തി. നാളെ ഉത്സവം സമാപിക്കും.