ചങ്ങനാശേരി:യാത്രികർക്ക് ആശ്വാസമെന്നവണ്ണം ആധുനിക രീതിയിൽ നവീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ അനധികൃത പാർക്കിംഗും കൈയേറ്റവും സജീവം.
തെങ്ങണ കവലയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലാണ് സംഭവം അരങ്ങേറുന്നത്.വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പാർക്ക് ചെയ്യുന്നതും സാധനങ്ങളും മറ്റും ഇറക്കിവയ്ക്കുന്നതുമൊക്കെ ഈ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലാണ്.ഇതിനാൽ യാത്രക്കാരും വാഹനങ്ങളും ഇവിടെ ഒരുപോലെ ബുദ്ധിമുട്ടുകയാണ്.കൂടാതെ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലായി ടെലിഫോൺ കേമ്പിൾ സ്ഥാപിക്കാൻ കുഴിച്ച കുഴിയിപ്പോൾ മരണക്കെണിയായി. ആഴ്ചകൾ പലതായിട്ടും കുഴി ഇങ്ങനെ തന്നെ കിടക്കുകയാണ്. രാത്രിയെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സ്ഥാപിച്ച സൂചനാ ബോർഡും നശിപ്പിച്ചു. എന്നാൽ കുഴിക്കു ചുറ്റും സംരക്ഷണ വേലി തീർത്തിട്ടുള്ളതിനാൽ കുഴി ഉണ്ടെന്ന് അറിയാൻ കഴിയും എന്നതാണ് ഏക ആശ്വാസം. അനധികൃതപാർക്കിംഗ് തടയുന്നതിനായി പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകളെല്ലാം നശിപ്പിച്ചു.നിലവിൽ അങ്ങനൊരു ബോർഡില്ല.
അടിയന്തരമായി അനധികൃത പാർക്കിംഗും തടയുകയും കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലെ കുഴി അടയ്ക്കുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സ്വകാര്യമായ കൈയേറ്റം
പല സ്വകാര്യ സ്ഥാപനങ്ങളും ഉപയോഗശൂന്യമായ വസ്തുക്കൾ റോഡരികിലാണ് നിക്ഷേപിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിലാണ് സാധനസാമഗ്രികൾ റോഡിന്റെ ഓരത്തായി തള്ളിയത്. നടന്നു പോകുന്നവർ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
സീബ്രാലൈൻ കാണ്മാനില്ല
യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് ക്രോസ് ചെയ്യാനുള്ളസീബ്രാലൈനുകൾ കാൺമാനില്ലെന്നാണ് യാത്രക്കാരുടെ പരാതി.അതിനാൽ പലരും പലയിടത്തു നിന്നാണ് റോഡ് ക്രോസ് ചെയ്യുന്നത്.ഇത് അപകടം വിളിച്ചു വരുത്തുന്ന രീതിയാണ്.ഇത്തരം റോഡ് ക്രോസിംഗ് കാരണം ഗതാഗതക്കുരുക്കും ഉണ്ടാകുന്നു.