കോട്ടയം : ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളോട് ഗുണഭോക്താക്കൾ മുഖംതിരിച്ചതോടെ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ ഒരുങ്ങി കോട്ടയം നഗരസഭ. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള മഴവെള്ള സംഭരണി നിർമ്മാണം, സ്വയം തൊഴിലിനായി വനിതകൾക്ക് ഓട്ടോറിക്ഷ, പിക് അപ് ഓട്ടോറിക്ഷാ തുടങ്ങിയ പദ്ധതികളുടെ ഫണ്ടാണ് ആവശ്യക്കാരില്ലാത്തതിനാൽ ഭൂരഹിത പുനഃരധിവാസ ഫണ്ടിലേക്ക് വക മാറ്റുന്നത്.
മഴവെള്ള സംഭരണി നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 125000 രൂപയാണ് നഗരസഭയ്ക്ക് കൈമാറിയിരുന്നത്. സ്ഥലപരിമിതിയാകാം പലരും പദ്ധതിയോട് മുഖം തിരിക്കുന്നതിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മഴവെള്ള സംഭരണി സ്ഥാപിച്ചിരുന്നെങ്കിൽ നഗരസഭ പ്രദേശത്തെ പട്ടികജാതി കോളനികളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു.
സ്വയംതൊഴിൽ പദ്ധതിയും പാളി
ഓട്ടോറിക്ഷാ, പിക് അപ് ഓട്ടോറിക്ഷാ വാങ്ങുന്നതിനായി 210000 രൂപയാണ് വകയിരുത്തിയിരുന്നത്. താത്‌പര്യം അറിയിച്ച് ആദ്യഘട്ടത്തിൽ അഞ്ച് പേർ അപേക്ഷ നൽകിയെങ്കിലും ലൈസൻസും മറ്റ് രേഖകളും ഇല്ലാതിരുന്നതിനാൽ തുക കിട്ടിയില്ല. പട്ടികജാതി പെൺകുട്ടികളുടെ വിവാഹധനസഹായത്തിനായി അനുവദിച്ച 15 ലക്ഷം രൂപയിൽ 7 ലക്ഷമാണ് ചെലവഴിച്ചത്. ബാക്കി തുകയും വകമാറ്റും.
'' മഴവെള്ള സംഭരണി പോലുള്ള പദ്ധതികൾക്ക് ജനങ്ങൾ താത്‌പര്യം കാണിക്കാത്തത് സ്ഥലപരിമിതി കൊണ്ടാണ്. ഇത് മനസിലാക്കി അവർക്ക് പുതിയ സ്ഥലം വാങ്ങുന്നതിനായിട്ടാണ് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത്. വകമാറ്റിയാലും അർഹതപ്പെട്ടവരുടെ കൈയിലെത്താൻ ശ്രദ്ധിക്കും .
ഡോ.പി.ആർ.സോന (നഗരസഭാ ചെയർപേഴ്‌സൺ)