ആനിക്കാട് : എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ ആനിക്കാട് വെസ്റ്റ് 2052-ാം നമ്പർ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും പ്രാർത്ഥനാമന്ദിര സമർപ്പണ ആഘോഷവും നാളെ തുടങ്ങും. പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഇ.ജി.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.എസ്.വിനോദ്, സെക്രട്ടറി വി.ടി.ബോബി എന്നിവർ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12.30 ന് നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നു ഗുരുദേവ വിഗ്രഹം വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിക്കും. നിരവധി വാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എത്തുന്ന രഥഘോഷയാത്രയ്ക്ക് വിവിധ ശാഖകളും മറ്റ് സാമൂഹ്യ - സാംസ്‌കാരിക സംഘടനകളും സ്വീകരണം നൽകും. വൈകിട്ട് 5.30 ന് പള്ളിക്കത്തോട്ടിൽ എത്തിച്ചേരുന്ന രഥഘോഷയാത്രയെ ഗുരുദർശന കൂട്ടായ്മയും ഗുരുനഗരി ട്രസ്റ്റും ചേർന്ന് എതിരേറ്റ് ശാഖാങ്കണത്തിലേക്ക് ആനയിക്കും.

തുടർന്ന് 6.30 ന് ആനിക്കാട് മഹാദേവ ഭജൻസിന്റെ ഭജന. 10 ന് രാവിലെ 9.45 ന് ശിവഗിരിമഠം മഠാധിപതി സ്വാമി വിശുദ്ധാനന്ദ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തും. ക്ഷേത്രം ശാന്തി രഞ്ജിത് മീനടം സഹകാർമ്മികത്വം വഹിക്കും. തുടർന്ന് അനുഗ്രഹപ്രഭാഷണം, ഗുരുപൂജ,പുഷ്പാഞ്ജലി. 11.30 ന് സമ്മേളനം ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, യോഗം ബോർഡംഗം എ.ജി.തങ്കപ്പൻ എന്നിവർ പങ്കെടുക്കും. ശാഖയ്ക്ക് സ്ഥലം സംഭാവന നൽകിയ പാറത്താനത്ത് കല്യാണിയമ്മയുടെ ഫോട്ടോ അനാച്ഛാദനം, തൃക്കോതമംഗലം രാജേന്ദ്രൻ, എൻ.ജയപ്രകാശ് എന്നിവരെ യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി ആദരിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.എൻ.വിജയകുമാർ, യൂണിയൻ കൗൺസിലർ ഇ.പി.കൃഷ്ണൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കുളം, വിവിധ ശാഖാ പ്രസിഡന്റുമാരായ ജയകുമാർ കാരിക്കാട്ട്, ജ്യോതിലാൽ വാകത്താനത്ത്, രവീന്ദ്രൻ കപ്പേപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് ഇ.ജി.ഗോപാലകൃഷ്ണൻ സ്വാഗതവും , സെക്രട്ടറി വി.ടി.ബോബി നന്ദിയും പറയും.