photo

കോട്ടയം : മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ 21 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനിയായി. സമീപത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഓടകൾ തുറന്നു വിട്ടിരിക്കുന്നത് തോട്ടിലേക്കാണ്. വെള്ളത്തിന് കറുത്ത നിറമാണ് ഇപ്പോൾ.

വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തി പങ്കിടുന്ന കഞ്ഞിക്കുഴി പാലത്തിന് അടിയിലൂടെയാണ് തോട് ഒഴുകുന്നത്. ജെ.സി.ബി ഉൾപ്പടെയുള്ള യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ചെളിയും മാലിന്യങ്ങളും എടുത്തുമാറ്റി ആഴം കൂട്ടി മൂന്ന് കിലോമീറ്ററോളം തോട് നവീകരിക്കുകയായിരുന്നു. തോട് നവീകരണം പൂർത്തിയാകുന്നതോടെ സായാഹ്ന സവാരിക്കായി സമീപത്ത് നടപ്പാത ഉൾപ്പെടെ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുകയും ഓടയിലെ വെള്ളം തുറന്ന് വിടുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിജയപുരം പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മാലിന്യം എറിയുന്നവരെ കുടുക്കാൻ പാലത്തിന് സമീപത്തായി സി.സി.ടി.വി സ്ഥാപിക്കുമെന്ന പഞ്ചായത്ത് പ്രഖ്യാപനവും നടപ്പിലായിട്ടില്ല. വിജയപുരം പഞ്ചായത്ത് ഇടപെട്ട് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് തോട് വൃത്തിയാക്കിയ സന്നദ്ധ സംഘടനകളും ജനകീയ കൂട്ടായ്‌മയും.